കോട്ടയം: ശബരിമല മണ്ഡല ഉത്സവകാലത്ത് കെ.എസ്.ആര്.ടി.സിക്കുണ്ടായ വരുമാന നഷ്ടം 18.50 കോടി. ശബരിമല നട തുറന്നതുമുതല്‍ ഈ മാസം 26ന് മണ്ഡലപൂജ സമാപിക്കുന്നതുവരെ നടത്തിയ സ്പെഷല്‍ സര്‍വിസിലൂടെ കെ.എസ്.ആര്.ടി.സിക്ക് ലഭിച്ചത് 10 ലക്ഷത്തില്‍ താഴെയും. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് മാത്രം 18.64 കോടി വരുമാനം ലഭിച്ചിരുന്നു. പ്രധാന ഡിപ്പോകളും മൂന്ന് റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷം പ്രതിദിനം എണ്ണൂറോളം ബസുകള്‍ പമ്പ സര്‍വിസ് നടത്തിയിരുന്നു. പുറമെ നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസും.
എന്നാല്‍, ഇത്തവണ സര്‍വിസുകള്‍ നാമമാത്രമായി. നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസും കനത്ത നഷ്ടത്തിലായി. പോയവര്‍ഷം പ്രതിദിനം 80 ലക്ഷം രൂപ വരെ ചെയിന്‍ സര്‍വിസില്‍നിന്ന് വരുമാനം ലഭിച്ചിരുന്നു. കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍നിന്നുള്ള സര്‍വിസുകള്‍ ഇത്തവണ പൂര്‍ണമായും നിലച്ചു.
കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നായി 300 ബസുകള്‍ വരെ പമ്ബക്ക് പ്രതിദിന സര്‍വിസ് നടത്തിയിരുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്.ടി.സിക്ക് ശബരിമല വരുമാനം വലിയ ആശ്വാസമായിരുന്നു. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആര്.ടി.സിയെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് കോട്ടയം ഡിപ്പോയില്‍ രണ്ടുകോടി വരുമാനം ലഭിച്ചിരുന്നു. മകരവിളക്ക് കാലത്തെ വരുമാനംകൂടി കണക്കാക്കുേമ്ബാള് 3.56 കോടിയും.