ശബരിമല : ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ജനുവരി 15ബുധനാഴ്ച നടക്കുന്ന മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ പോലീസ്, എന്‍.ഡി.ആര്‍.എഫ് , ദ്രുതകര്‍മസേനാ വിഭാഗങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
സന്നിധാനത്ത് തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ പോലീസ് ചുമതലയേറ്റു. നിലവിലുള്ളവരെക്കൂടാതെ 200 ഓളം പോലീസുകാരെയാണ് പുതുതായി തിരക്ക് നിയന്ത്രിക്കുന്ന ജോലികള്‍ക്ക് മാത്രമായി നിയോഗിച്ചിട്ടുള്ളത്. രണ്ട് ഡിവൈ.എസ്.പിമാര്‍, മൂന്നു സി.ഐ.മാര്‍, 16 എസ്.ഐമാര്‍ എന്നിവരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ സന്നനിധാനത്ത് 1475 പോലീസുകാര്‍ നിലവില്‍ ജോലിനോക്കുന്നു. ഇതില്‍ 15 ഡിവൈ.എസ്.പി., 36 സി.ഐ,160 എസ്.ഐ, എ.എസ്.ഐമാര്‍ എന്നിവരും നിലവില്‍ ഭക്തരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.70 പേരടങ്ങുന്ന ബോംബ് സ്‌ക്വാഡ് സന്നിധാനത്ത് എപ്പോഴും പ്രവര്‍ത്തനനിരതമാണ്. പോലീസ് ടെലികമ്മ്യൂണിക്കേഷനിലും 20 പേരെ നിയോഗിച്ചിട്ടുണ്ട്. കേരള പോലീസിലെ ക്വീക് റസ്‌പോണ്‍സ് ടീമും മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെത്തിയിട്ടുണ്ട്.
മകരവിളക്ക് കഴിഞ്ഞ ശേഷം ഭക്തര്‍ തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പോലീസും ദ്രുതകര്‍മസേനയും എ്ന്‍.ഡി.ആര്‍.എഫും യോജിച്ച് പ്രവര്‍ത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പര്‍ണശാലകള്‍ക്ക് സമീപവും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഫയര്‍ഫോഴ്‌സ് വിഭാഗവും ജാഗ്രതയോടെ രംഗത്തുണ്ട്.
14ന് ചൊവ്വാഴ്ച വൈകുന്നേരം 4.00 ന് നട തുറന്നാല്‍ പതിവുപോലെ രാത്രിയില്‍ ഹരിവരാസനം പാടി നട അടയ്ക്കുന്ന ചടങ്ങ് അന്നേ ദിവസം ഉണ്ടായിരിക്കില്ല. 15ന് പുലര്‍ച്ചെ 2.30 ന് മാത്രമേ ഹരിവരാസനം പാടി നട അടക്കുകയുള്ളൂ.
ജനുവരി 15 ബുധനാഴ്ച മകരവിളക്ക് ദിനം പുലര്‍ച്ചെ 2.09 നു മകരസംക്രമപൂജ നടക്കും. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍ വഴി കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ചാണ് സംക്രമാഭിഷേകം. പുലര്‍ച്ചെ 4.00 മണിക്ക് നട വീണ്ടും തുറക്കും.
തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും 4.15 മുതല്‍ 7.00 വരെ നെയ്യഭിഷേകവും 7.30 ന് ഉഷപൂജ. 8മുതല്‍ 11.00 മണി വരെ നെയ്യഭിഷേകം .11.30 ന് കലശാഭിഷേകം, ഉച്ചപൂജ കഴിഞ്ഞ് 1.00 മണിക്ക് ക്ഷേത്ര നട അടയ്ക്കും. വൈകുന്നേരം 5.00 മണിക്ക് ആണ് പിന്നീട് നട തുറക്കുക.
മകരവിളക്ക് ദിവസം വൈകുന്നേരം ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിന് 5.15ഓടെ ക്ഷേത്ര സന്നിധിയില്‍ നിന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടുന്ന സംഘം പുറപ്പെടും. ക്ഷേത്ര സന്നിധിയില്‍ എത്തുന്ന തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, സ്‌പെഷല്‍ കമ്മീഷണര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ഏറ്റുവാങ്ങും. തുടര്‍ന്ന് 6.30 ന് പൊന്നമ്പലവാസന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന നടക്കും.
6.45 ന് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് ദര്‍ശനം . തുടര്‍ന്ന് ആകാശത്ത് മകരജ്യോതി തെളിയും. വിളക്ക് ദര്‍ശനത്തിനുശേഷം ഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പവിഗ്രഹ ദര്‍ശിക്കാം.
ഭക്തര്‍ക്ക് ജനുവരി 20 വരെ മാത്രമേ അയ്യപ്പ ദര്‍ശനം ഉണ്ടാകൂ. 21 ന് നട അടയ്ക്കും.