പത്തനംതിട്ട : ശബരിമലയിൽ ഈ വർഷത്തെ മണ്ഡല -മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും തീർത്ഥാടനം നടത്തുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസു വ്യക്തമാക്കി.
ദർശനത്തിനായി എത്തി ചേരുന്ന ഭക്തർക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമാകും പ്രവേശനം നൽകുകയെന്നും പതിവ് രീതിയിൽ നിന്നുമാറി വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ ഭക്തർക്ക് പ്രവേശനം നൽകാനാണ് ആലോചനയെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതലയോഗത്തിൽ ഇതുസംബന്ധിച്ച് കൂടുതൽ തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പും പോലീസും ചേർന്നാണ് ശബരിമലയിലെ നിയന്ത്രണങ്ങളെപ്പറ്റിയുള്ള തീരുമാനങ്ങൾക്ക് അന്തിമരൂപം നൽകുന്നത്. ഇതിനു മുന്നോടിയായി ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ ശബരിമലയിൽ മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. സന്നിധാനത്ത് ജോലിക്കായി എത്തുന്ന ഉദ്യോഗസ്ഥർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്കും താമസസൗകര്യത്തിനായുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഇതു കൂടാതെ മരാമത്ത് ജോലികളും ആരംഭിച്ചിട്ടുണ്ട്.
സന്നിധാനത്തും പമ്പയിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. എ.ഡി.ജി.പി. ഡോ. ഷെയ്ക് ദർവേശ് സാഹിബിനെയാണ് ശബരിമലയിലെ ചീഫ് പോലീസ് കോ – ഓർഡിനേറ്ററായി നിയോഗിച്ചിട്ടുള്ളത്. ക്രൈം ബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്ത് സന്നിധാനത്തും ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അട്ടല്ലൂരി പമ്പയിലും ജോയിന്റ് പോലീസ് കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കും. ഡി.ഐ.ജി.മാരായ പി.പ്രകാശ്, സഞ്ജയ്കുമാർ ഗുരുദിൻ എന്നിവരും ശബരിമലയിലെ നിയന്ത്രണങ്ങളുടെ ചുമതല വഹിക്കും.