പത്തനംതിട്ട : മാസ പൂജയോട് അനുബന്ധിച്ച് ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അയ്യപ്പഭക്തര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തി മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴയത്ത് ഒടിഞ്ഞുവീണ മരങ്ങളൊക്കെ നീക്കം ചെയ്യുകയും ഗതാഗത തടസങ്ങള്‍ നീക്കം ചെയ്തതായും ഡിഎഫ്ഒ അറിയിച്ചു. മാസപൂജ സമയത്ത് കാട്ടാനയുടെ ശല്യം ഉള്ള പ്രദേശങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെ നിയമിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇത്തവണയും സ്വീകരിച്ചതായി റാന്നി തഹസില്‍ദാര്‍ വ്യക്തമാക്കി.
നിലവില്‍ വൈദ്യുതി വിതരണത്തിന് തടസങ്ങളില്ലെന്ന് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ചൂണ്ടിക്കാട്ടി. മാസപൂജ കാലത്ത് കൊച്ചുപമ്പ വഴിയാണ് ശബരിമലയിലേക്കുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്. ഏതെങ്കിലും തരത്തില്‍ തടസങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിച്ച് റീസ്റ്റോര്‍ ചെയ്യാന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. ആ സമയത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. പമ്പാ നദിയില്‍ ഭക്തര്‍ മുങ്ങുന്ന സാഹചര്യം എല്ലാ മാസപൂജ കാലത്തും ഉണ്ടാകാറുണ്ടെന്നും അതിനാല്‍ ഇവിടെ അതീവജാഗ്രത പുലര്‍ത്താറുണ്ടെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.
നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ കൃത്യമായി മൊബൈല്‍ കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുണ്ടെന്ന് ബിഎസ്എന്‍എല്‍ പ്രതിനിധി ഉറപ്പുനല്‍കി. മാസപൂജ സമയത്തെ അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തുതീര്‍ക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. കുടിവെള്ളം കൃത്യമായി ലഭ്യമാക്കാന്‍ കഴിയുന്നുണ്ടെന്നും പൈപ്പുകളുടെ അറ്റകുറ്റ പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കുന്നുണ്ടെന്നും ജല അതോറിറ്റി എഞ്ചിനീയര്‍ അറിയിച്ചു. മാസപൂജ സമയത്തും ശബരിമലയില്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും വ്യക്തമാക്കി. ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി ആവശ്യമായ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ചൂണ്ടിക്കാട്ടി. നീലിമലയിലടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഇവിടങ്ങളില്‍ മുഴുവന്‍ വയറിംഗും മാറ്റേണ്ട സമയമായെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നല്‍കിയിട്ടുള്ളതായും ഡിഎംഒ പറഞ്ഞു.