പത്തനംതിട്ട : കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തി അപേക്ഷകരിൽ വൻ കുറവ്. ശബരിമല മേൽശാന്തിയാകാൻ 55 അപേക്ഷകളും മാളികപുറം മേൽശാന്തിയാകാൻ 34 അപേക്ഷകളുമാണ് ലഭിച്ചത്. ഇതിൽ ശ്രീലങ്കയിൽ നിന്നും ഡൽഹിയിൽ നിന്നും ഓരോ അപേക്ഷകളുമുണ്ട്.
കഴിഞ്ഞ വർഷം ഇതേസമയം ശബരിമല മേൽ ശാന്തിയാകാൻ 81 അപേക്ഷകളും മാളികപ്പുറം മേൽശാന്തിയാകാൻ 56 അപേക്ഷകളുമാണ് ലഭിച്ചത്. കോവിഡ് വ്യാപന ഭീഷണിയാണ് അപേക്ഷകർ കുറയാൻ കാരണമെന്നാണ് ദേവസ്വം ബോർഡിൻ്റെ വിശദീകരണം.
അതേസമയം കോവിഡിൻ്റെ ലോക്ക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ അപേക്ഷകരുടെ യോഗ്യതയും ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് കൂടുതൽ സമയവും ആവശ്യമായി വന്നു. വിജിലൻസിൻ്റെയും ദേവസ്വം ബോർഡിൻ്റെയും സൂഷ്മ പരിശോധനയെ തുടർന്ന് 55 ശബരിമല മേൽശാന്തി അപേക്ഷകരിൽ 19 പേരുടെയും 34 മാളികപ്പുറം മേൽശാന്തി അപേക്ഷകരിൽ 16 എണ്ണവും തള്ളി. ഇതോടെ ശബരിമല മേൽശാന്തി അപേക്ഷകൾ 36 എണ്ണമായും മാളികപ്പുറം മേൽശാന്തി അപേക്ഷകൾ 18 ആയും ചുരുങ്ങി. മൂന്നു നേരം പൂജയുള്ള ക്ഷേത്രങ്ങളിൽ പത്തുകൊല്ലം പ്രവർത്തിപരിചയം ഉണ്ടാകണമെന്നതാണ് മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള യോഗ്യത. തളളിയ അപേക്ഷകരുടെ അപ്പീൽ ഇരുപത്തി എട്ടാം തീയതി പരിഗണിക്കും. ശ്രീലങ്കയിലും ഡൽഹിയിലുമുള്ള അപേക്ഷകർ അഭിമുഖത്തിന് ശേഷം അയോഗ്യരാണെന്ന് കണ്ടെത്തിയാൽ മേൽശാന്തി നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കും ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് മേൽശാന്തിമാരുടെ അഭിമുഖം നടക്കുന്നത്.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടനത്തെപ്പറ്റി ദേവസ്വം ബോര്‍ഡിനും ആശങ്കയുണ്ട്. മണ്ഡലകാലത്ത് കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുന്നത്. ഈ ഒരു സാഹചര്യമായതിനാലാകാം അപേക്ഷകർ കുറയാൻ കാരണമെന്നാണ് ദേവസ്വം ബോർഡ് അധികൃതരുടെ വിലയിരുത്തൽ അഭിമുഖത്തിനു ശേഷം തുലാം മാസം ഒന്നാം തീയതിയായ ഒക്ടോബർ 17നാണ് ശബരിമല സന്നിധാനത്ത് വെച്ച് മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുന്നത്.