കൊച്ചി : ശബരിമലയിലെ വെര്‍ച്വല്‍ ക്യൂവുമായി ബന്ധപ്പെട്ട് ഹൈകോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. ഇത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പിക്കണോയെന്ന കാര്യം വിലയിരുത്താനാണ് ഹരജി.
സര്‍ക്കാറിനുവേണ്ടി ഹാജരായ സ്പെഷല്‍ അറ്റോണി എന്‍. മനോജ് കുമാര്‍ വിശദീകരണത്തിന് രണ്ടാഴ്‌ച സമയം തേടി. ശബരിമല സ്പെഷല്‍ കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് കെ. ബാബു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹർജി മാറ്റിയത്.
നിലവില്‍ കേരള പോലീസാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രണവും സുരക്ഷക്രമീകരണങ്ങളും പോലീസിന്റെ ഉത്തരവാദിത്തമായി നിലനിര്‍ത്തി വെര്‍ച്വല്‍ ക്യൂവിന്റെ നിയന്ത്രണം ബോര്‍ഡിന് കൈമാറുന്ന കാര്യമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഇതിന് ശബരിമല സ്പെഷല്‍ കമ്മീഷണറോടും റിപ്പോര്‍ട്ട് തേടിയിരുന്നു.