തിരുവനന്തപുരം : ശബരിമലയിലെ ദര്‍ശനത്തിനേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മണ്ഡലകാലത്ത് പൂര്‍ണമായി നീക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി സന്നിധാനത്ത് വിരിവെയ്ക്കാന്‍ ഏര്‍പ്പെടുത്തിയ നിരോധനമൊഴികെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. നിലയ്ക്കല്‍ അടക്കം വിവിധയിടങ്ങളില്‍ സ്‌പോട്ട് വെര്‍ച്വര്‍ ക്യൂ രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തി.
നിലവില്‍ 25,000 പേരെയാണു ദര്‍ശനത്തിനായി ഒരോ ദിവസവും അനുവദിക്കുന്നത്. രണ്ടുഡോസ് വാക്‌സിനോ, ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ള മുഴുവന്‍ പേരെയും മണ്ഡലകാലത്ത് മലകയറാന്‍ അനുവദിക്കും. അറുപത് വയസിനു മുകളിലും 10 വയസിനു താഴെയുമുള്ളവര്‍ക്കുള്ള നിരോധനവും ഉണ്ടാകില്ല. പമ്പാ സ്‌നാനം അനുവദിക്കും. എന്നാല്‍ രാത്രിസമയങ്ങളില്‍ സന്നിധാനത്ത് തങ്ങുന്നതിനുള്ള വിലക്ക് തുടരും.
ഉച്ചയ്ക്കു ശേഷം സന്നിധാനത്തെത്തുന്നവര്‍ക്കു നെയ് തേങ്ങകള്‍ കൗണ്ടറില്‍ നല്‍കി പകരം അഭിഷേകം ചെയ്ത നെയ്യ് വാങ്ങി മടങ്ങാം. ശബരിമല വികസനത്തിന് സാമ്പത്തിക പിന്തുണ തേടി പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും അയല്‍സംസ്ഥാനങ്ങളില്‍ പര്യടനത്തിലാണ്. നുണപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ ഭക്തര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.