ശബരിമല: നിറപുത്തരി ആഘോഷങ്ങള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. നാളെ പുലര്‍ച്ചെ 5.40നും ആറിനും ഇടയിലാണ് നിറപുത്തരി ചടങ്ങുകള്‍.പതിനെട്ടാംപടിക്ക് താഴെ നെല്‍ക്കതിര്‍ ശുദ്ധിവരുത്തി മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയും പരികര്‍മ്മികളും ചേര്‍ന്ന് പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും. തന്ത്രി കണ്ഠരര് മഹേശ്വരുടെ കാര്‍മ്മികത്വത്തില്‍ ദേവീ ചൈതന്യം ആവാഹിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലില്‍ പ്രവേശിക്കും.
പൂജിച്ച നെല്‍ക്കതിര്‍ ശ്രീകോവിലിന് മുന്നിലും ഉപദേവതാ ക്ഷേത്രത്തിനു മുന്നിലും കെട്ടിത്തൂക്കിയ ശേഷം പുന്നെല്ല് കൊണ്ടുണ്ടാക്കിയ അവില്‍ നിവേദ്യമായി സമര്‍പ്പിക്കും.തുടര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.