പത്തനംതിട്ട : ശബരിമല ശ്രീകോവിലിനുള്ളിലുണ്ടായ ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്നും അതിനായുള്ള അടിയന്തിര ജോലികള്‍ നാളെ ആരംഭിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍ പറഞ്ഞു. ശ്രീകോവിലിനുള്ളില്‍ സ്വര്‍ണ്ണ പാളികള്‍ സ്ഥാപിച്ചപ്പോള്‍ ഇതിന് മുന്‍പ് ഉണ്ടായിരുന്ന പലകയില്‍ ഉപയോഗിച്ചിരുന്ന ആണികള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ദ്വാരം അടച്ചിരുന്നില്ല. ഇതാണ് പ്രശ്നത്തിനു കാരണമായത്. മാത്രമല്ല സ്വര്‍ണ്ണ പാളികളുടെ വിടവ് നികത്താന്‍ ഉപയോഗിച്ച സില്‍ക്കോണിന്റെ ശേഷി നഷ്ടപ്പെട്ടതും ചോര്‍ച്ചയ്ക്ക് കാരണമായിരിക്കാം എന്നും പ്രസിഡന്റ് പറഞ്ഞു.
ശ്രീകോവിലിന് മുന്നിലെ കോടിക്കഴുക്കോലിന്‍റെ ഭാഗത്താണ് ചെറിയരീതിയിലുള്ള ചോര്‍ച്ച കണ്ടെത്തിയത്. എന്നാല്‍, ഭിത്തിയില്‍ നനവ് ഉണ്ടായത് വലിയ ചോര്‍ച്ച എന്ന നിലയില്‍ പ്രചരിക്കുകയായിരുന്നു. ശ്രീകോവിലിനുള്ളില്‍ സ്വര്‍ണപാളികളില്‍ കേടുപാടുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തിയാലും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും അനന്തഗോപന്‍ വ്യക്തമാക്കി.