പത്തനംതിട്ട : ദേവസ്വം പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന് കീഴില്‍ സന്നിധാനത്ത് വലിയ നടപ്പന്തലില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ലിസിറ്റി അനൗണ്‍സ്മെന്റ് സംവിധാനം. അയ്യപ്പഭക്തന്‍മാര്‍ക്കുളള വിവിധ അറിയിപ്പുകള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളില്‍ നല്കുക, തിരുനട തുറക്കുമ്പോഴും, അടയ്ക്കുമ്പോഴും ഗാനങ്ങള്‍ പ്ലേ ചെയ്യുക, കൂട്ടം തെറ്റിയ ഭക്തജനങ്ങളെ സംബന്ധിച്ച് അറിയിപ്പ് നല്കുക, നഷ്ടപ്പെട്ടു /കളവുപോകുന്ന വിലപിടിപ്പുളള സാധനങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നല്കുക തുടങ്ങിയവയാണ് പബ്ലിസിറ്റി അനൗണ്‍സ്മെന്റ് സംവിധാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനം.
തെലുങ്ക്, കന്നട, തമിഴ് അനൗണ്‍സ്മെന്റ് നടത്തുന്നത് ബാംഗളൂര്‍ സ്വദേശി ആര്‍.എം ശ്രീനിവാസാണ്. മലയാളം അനൗണ്‍സ്മെന്റ് ചെയ്യുന്നത് കോഴഞ്ചേരി ഗോപാലക്യഷ്ണനാണ്. ഇംഗ്ലിഷ്, ഹിന്ദി അനൗണ്‍സ്‌മെന്റ് കരുനാഗപ്പള്ളി സ്വദേശി അഖിലാണ്. ദേവസ്വം പിആര്‍ഒ സുനില്‍ അരുമാനൂരിന്റെ നേതൃത്വത്തില്‍ 15 പേര്‍ രണ്ട് ഷിഫ്റ്റുകളിലായാണ് ദേവസ്വം അനൗണ്‍സ്‌മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. അയ്യപ്പന്‍മാര്‍ ഫോണിലൂടെ ചോദിക്കുന്ന സംശയങ്ങള്‍ക്കും ഇവിടെ നിന്നും മറുപടി നല്കുന്നുണ്ട്. ഫോണ്‍ : 0473 – 5202048