പത്തനംതിട്ട : ശബരിമല തീര്‍ഥാടകരെ സ്വീകരിക്കേണ്ട നിലയ്ക്കല്‍ ഇതുവരെ ഒരുങ്ങിയില്ല. കടകളും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇല്ല. മണ്ഡലകാലത്ത് ശബരിമല തീര്‍ത്ഥാടകരെയും കാത്ത് ദുരിതങ്ങളുടെ കൂമ്പാരം. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലെന്ന് മാത്രമല്ല ഇതുവരെ അഞ്ചില്‍ താഴെ കടകള്‍ മാത്രമാണ് ലേലത്തില്‍ പോയത്. കൊട്ടിയാഘോഷിച്ച് തുടങ്ങിയ കുടിവെള്ള പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. മണ്ഡലകാലം അടുക്കുമ്പോള്‍ സാധാരണ നിലയ്ക്കലില്‍ കടകളൊക്കെ പുതുക്കി പണിയാറുള്ളതാണ്. എന്നാലിത്തവണ ഉള്ളതൊക്കെ പൊളിച്ചു കൊണ്ടു പോവുകയാണ്.
കഴിഞ്ഞ സീസണില്‍ പത്തും പതിനഞ്ചും ലക്ഷം മുടക്കി ഹോട്ടലും മറ്റും ലേലം പിടിച്ചവരൊക്കെ കടക്കെണിയിലാണ്. ഈ സീസണിലേക്കായി രണ്ടു തവണ ലേലം നടന്നെങ്കിലും ഭീമമായ തുകയായതിനാല്‍ ഭൂരിഭാഗം കച്ചവടക്കാരും വിട്ടു നില്‍ക്കുകയാണ്. ചിലസ്ഥലങ്ങളിലൊക്കെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റുന്നുണ്ട്. എന്നാല്‍ ശൗചാലയങ്ങളുടെ ഭാഗത്തേക്ക് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. കോടികള്‍ ചെലവാക്കി പണിത കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു.
സീതത്തോട്ടിലെ ശുദ്ധജല പ്ലാന്റില്‍ നിന്ന് ആങ്ങമൂഴി, പ്ലാപ്പള്ളി വഴി നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ വെള്ളമെത്തിക്കുന്നതിന് പൈപ്പിടാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഇരുപത്തിരണ്ടു കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പിടേണ്ടത്. എന്നാലിതുവരെ പത്തു കിലോമീറ്ററോളം ദൂരത്തിലെ ജോലികളെ ഭാഗീകമായിട്ടെങ്കിലും പൂര്‍ത്തിയായിട്ടുള്ളു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഒരു വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് മന്ത്രി പറയുന്നത്.