ചങ്ങനാശ്ശേരി: പമ്പയില്‍ കുളിക്കുന്നതിന് ഭക്തരെ അനുവദിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല മല കയറുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടിവന്നാല്‍ അത് ഒട്ടേറെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും പമ്പയിലും എരുമേലിയിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അനുഷ്ഠാനമൂല്യം ചോര്‍ന്നു പോകാതെ തീര്‍ത്ഥാടനം അനുഷ്ഠിക്കുവാന്‍ ഭക്തജനങ്ങളെ സഹായിക്കും വിധമായിരിക്കണം നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് മാനദണ്ഡങ്ങളില്‍ നിന്ന് വിരിവെയ്ക്കുന്നതിന് അനുമതി വേണം. പത്തനംതിട്ട, കോട്ടയം ജില്ലകളിലെങ്കിലും നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് ബാധകമാകരുത്. പമ്പാസ്നാനം, ബലിതര്‍പ്പണം, നെയ്യഭിഷേകം തുടങ്ങിയവയ്ക്ക് ഓരോ ഭക്തനും അവസരം നല്‍കണം. അതില്ലാതെയുള്ള ഏതു നിയന്ത്രണവും എന്തിന്റെ പേരിലായാലും വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരാണ്. വിശ്വാസികളുടെ ദര്‍ശനസ്വാതന്ത്ര്യത്തെ കേവലം ഒരു വരുമാനസ്രോതസ്സായി മാത്രം കരുതാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.