ശബരിമല : പത്തുനാൾ നീണ്ടുനിൽക്കുന്ന പൈങ്കുനി ഉത്ര ഉത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ നാളെ പളളിവേട്ട നടക്കും. വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജ, പുഷ്പാഭിഷേകം, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. തുടർന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. എഴുന്നളളത്ത് ശരംകുത്തിയിലെത്തുന്നതോടെ പളളിക്കുറുപ്പിന്റെ നേതൃത്വത്തിൽ പളളിവേട്ട നടക്കും. 5ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. 11.30ന് പമ്പാനദിയിൽ പ്രത്യേകം തയ്യാറാക്കിയ സ്‌നാനഘട്ടത്തിൽ ആറാട്ട് നടക്കും.
തുടർന്ന് ദേവനെ പമ്പാഗണപതികോവിലിലേക്ക് എഴുന്നളളിച്ചിരുത്തും. വൈകിട്ട് 3.30 വരെ ഇവിടെ ദർശനത്തിനും പറസമർപ്പണത്തിനും ഭക്തർക്ക് അവസരമുണ്ട്. തുടർന്ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടക്കയാത്ര ആരംഭിക്കും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്കും. തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കും.ഇന്ന് രാവിലെ 4.30ന് പളളിയുണർത്തൽ. 5ന് നടതുറപ്പ്, നിർമ്മാല്യദർശനം, ഉഷപൂജ, മുളപൂജ, ഉച്ചപൂജ, ഉത്സവബലി. 1ന് നടഅടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് പടിപൂജ, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നളളത്ത് എന്നിവ നടക്കും.





























