റാന്നി : വൈദ്യുതി ആഘാതമേറ്റുള്ള ശബരിമല തീര്‍ത്ഥാടകയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പമ്പ പോലീസില്‍ പരാതി നല്‍കി. പമ്പ എസ്.എച്ച്.ഓയ്ക്ക് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയാണ് പരാതി നല്‍കിയത്. തെലുങ്കാന മെഹബൂബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി ഇ. ഭരതമ്മ (60) ആണ് വൈദ്യുതി ആഘാതത്തിൽ മരണപ്പെട്ടത്. തെലുങ്കാനാ സംസ്ഥാനത്തുനിന്നും ശബരിമല ദർശനത്തിന് എത്തുകയും ദർശനം കഴിഞ്ഞു മടങ്ങി വരവെ ദാഹം മാറ്റാൻ വെള്ളം എടുക്കുവാനായി വാട്ടർ കീയോസ്ക്കിൽ പിടിച്ചപ്പോളാണ് വൈദ്യുതി പ്രവാഹത്താൽ തീര്‍ത്ഥാടക മരണമടയാൻ ഇടയായത്. നീലിമല രണ്ടാം നടപന്തലിന്റെ ഭാഗത്താണ് അപകടം നടന്നത്.
തീര്‍ത്ഥാടക മരിച്ച ദിവസം രാഷ്‌ട്രപതി ശബരിമല സന്ദർശനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന ദിവസമായിരുന്നു. സുരക്ഷ ഒരുക്കി തയ്യാറായ ദിനങ്ങളിൽ ഇങ്ങനെ ഒരു മരണം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ വീഴ്ച്ച അന്വേഷണം നടത്തി നടപടി ഉണ്ടാകേണ്ടതാണെന്നാണ് ആവശ്യം. മരണത്തിനു കാരണമായ വൈദ്യുതി ഏങ്ങനെ കീയോസ്ക്കിൽ എത്തി എന്നും അതിനുള്ള കാരണം എന്തെന്നും
ഉത്തരവാദികളായ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെയും കേരള ഇലക്ട്രീസിറ്റി ബോർഡിന്റെയും ഉദ്യോഗസ്ഥരുടെ നിരുത്തരപരമായ നടപടി അന്വേഷണം നടത്തുകയും കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്യണം എന്നും ആവശ്യമുണ്ട്. കൂടാതെ മരണ ശേഷം മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാൻ ശ്രമിക്കാതെ ജനറൽ ആശുപത്രിയിൽ തർക്കത്തിന് വരെ കാരണം ആക്കിയതും ബന്ധുക്കളെ ബുദ്ധിമുട്ടിച്ചതും അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.