ശബരിമല : കോവിഡ് 19 പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത് പഴുതടച്ച ക്രമീകരണങ്ങള്‍. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് വെര്‍ച്വല്‍ ക്യു മുഖേന മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് എത്തുന്ന തീര്‍ഥാടകരെ ദര്‍ശനത്തിന് അനുവദിക്കുക. 24 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതിനും അല്ലാതെ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിനും നിലയ്ക്കലില്‍ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
നിലയ്ക്കലില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലെത്തിക്കുന്ന തീര്‍ഥാടകര്‍ക്ക് പമ്പ നദിയില്‍ ഇറങ്ങാതെ സ്നാനം ചെയ്യുന്നതിനുള്ള സൗകര്യവും പമ്പ ത്രിവേണിയില്‍ തയാറാക്കിയിട്ടുണ്ട്. ഇതിന് ശേഷം കാനന പാതയിലേക്ക് പ്രവേശിക്കുന്ന തീര്‍ഥാടകര്‍ക്ക് നിശ്ചിത ദൂരപരിധിയില്‍ കുടിവെള്ളവും, ആരോഗ്യ സേവനവും, ശുചിമുറി സൗകര്യങ്ങളും പോലീസിന്റെ സഹായവും ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടകരെ കൈകള്‍ അണുവിമുക്തമാക്കിയ ശേഷം താപനില പരിശോധനയും നടത്തിയാണ് സാമൂഹ്യ അകലത്തില്‍ സന്നിധാനത്തെ വലിയ നടപ്പന്തലിലെ നിശ്ചിത സ്ഥലങ്ങളിലേക്ക് കടത്തിവിടുന്നത്. ഇവിടെ ബോംബ് സ്‌ക്വാഡിന്റെ സുരക്ഷാ പരിശോധനയുമുണ്ട്. തുടര്‍ന്ന് ഓരോരുത്തരായാണ് ആഴിക്ക് സമീപത്തേക്കും പതിനെട്ടാം പടിയിലേക്കും എത്തുന്നത്. ശാരീരിക അസ്വാസ്ഥ്യമുള്ളവരെ പിപിഇ കിറ്റ് ധരിച്ച പോലീസുകാരുടെ സഹായത്തോടെയാണ് പതിനെട്ടാം പടി കയറ്റുന്നത്. തുടര്‍ന്ന് അയ്യപ്പന്‍മാരെ സാമൂഹ്യ അകലം പാലിച്ച് ശ്രീകോവിലിന് മുന്നിലേക്കും മാളികപ്പുറത്തേക്കും കടത്തിവിടും. ഇതിനായി നിശ്ചിത സ്ഥലങ്ങളിലെല്ലാം പോലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്.
സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണി, അസി. സ്പെഷല്‍ ഓഫീസര്‍ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും എസ്‌ഐമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കുമാണ് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല. സിവില്‍ ദര്‍ശനത്തിനെത്തുന്നവരെ നടപ്പന്തലില്‍ നിന്നും നേരിട്ട് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. ഇവരെ പ്രത്യേകം താപപരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും തീര്‍ഥാടകര്‍ക്ക് സുഖ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനുള്ള സൗകര്യങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.