കണ്ണൂര്‍: ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സ്ഥിരമായി ചോദിക്കുന്നതിനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് നേരവും ഏത് ചടങ്ങിലും ശബരിമല ശബരിമല എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നാല്‍ വോട്ട് അടര്‍ന്നു വരുമെന്ന് മാധ്യമങ്ങള്‍ കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തെക്കുറിച്ചല്ലാതെ മറ്റൊന്നും ചോദിക്കാനില്ലേ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിങ്ങളെപ്പോലെയുള്ള മാധ്യമങ്ങള്‍ക്ക് ഇങ്ങനെയുള്ള വിഷയങ്ങള്‍ വല്ലാതെ ഉയര്‍ത്തിക്കൊണ്ട് വരണമെന്നുണ്ട്. ഉയരുന്നുണ്ടോ?. വല്ലാതെ കിണഞ്ഞ് പരിശ്രമിക്കുകയല്ലേ, നാട് സ്വീകരിക്കുന്നുണ്ടോ?. നിങ്ങളുടെയടക്കം വിശ്വാസ്യതയാണ് തകരുന്നതെന്ന് മനസിലാക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ഗുണം കിട്ടിയോ?. അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ തയ്യാറാകണം’ – മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് എതിരെ സ്വപ്ന സുരേഷ് നല്‍കിയ ഞെട്ടിക്കുന്ന മൊഴികള്‍ വിശ്വസനീയമല്ലെന്നും വെറും ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്പീക്കറെ പോലും തെറ്റായ വഴിക്ക് വലിച്ചിഴക്കുകയാണ്. കേന്ദ്രത്തിന്റെ നീക്കങ്ങളെ നിയമസഭ എതിര്‍ത്തപ്പോഴാണ് ഏജന്‍സികള്‍ സ്പീക്കര്‍ക്കെതിരെ നീങ്ങിയത്. അതുകൊണ്ട് എല്‍ഡിഎഫിനെ തളര്‍ത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.