പത്തനംതിട്ട : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘടിപ്പിച്ച ശബരിമല റോപ്‌വേ പബ്ലിക് ഹിയറിംഗ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ പി ബി നൂഹ് അധ്യക്ഷത വഹിച്ചു. റോപ്‌വേ നിര്‍മാണത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് കമ്പനി ഉത്തരം നല്‍കി. ചോദ്യോത്തരങ്ങള്‍ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അതോറിറ്റി പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ട്രാക്ടര്‍ ശബ്ദ മലിനീകരണത്തെക്കുറിച്ചും പ്രളയബാധിത പ്രദേശമായ പമ്പയിലും കമ്പനി പഠനം നടത്തും. കോര്‍പ്പറേറ്റ് എന്‍വയോണ്‍മെന്റ് റെസ്പോണ്‍സിബിളിറ്റിയുടെ ഭാഗമായി രണ്ട് ശതമാനം തുക ഉപയോഗിച്ച് അട്ടത്തോട്ടില്‍ കുടിവെള്ള പദ്ധതി നടപ്പാക്കും. ആദിവാസി യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഓപ്പറേറ്റര്‍ ജോലി നല്‍കും. ആനത്താര, മൃഗങ്ങള്‍ അധികമായി വരുന്ന സ്ഥലങ്ങള്‍ എന്നിവ സംരക്ഷിച്ചാവും റോപ് വെ നിര്‍മ്മിക്കുക. 2.7 കിലോമീറ്റര്‍ ദൂരത്തില്‍ 19 തൂണുകളാണ് റോപ് വേയ്ക്കായി നിര്‍മ്മിക്കുക. 250 മരങ്ങള്‍ തൂണ്‍ നിര്‍മ്മാണത്തിനായി മുറിക്കേണ്ടിവരും. മുറിക്കുന്ന മരങ്ങള്‍ക്ക് പകരമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഒന്നിന് പത്ത് എന്ന തരത്തില്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
ഹില്‍ടോപ്പ് കെഎസ്ഇബി സബ് സ്റ്റേഷന് സമീപം മുതല്‍ സന്നിധാനം പോലീസ് ബാരക്കിന് സമീപം വരെയാണ് റോപ്‌വേ നിര്‍മ്മിക്കുക. അഞ്ച് ഹെക്ടര്‍ സ്ഥലത്താണ് ചരക്ക് നീക്കത്തിനായി റോപ്‌വേ സ്ഥാപിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് എയ്റ്റീന്ത് സ്റ്റെപ്പ് ദാമോദര്‍ കേബിള്‍ കാര്‍ പ്രൈവറ്റ് ലിമിറ്റഡാണ്. പാരിസ്ഥിതിക പഠനം നടത്തിയത് പെര്‍ഫാക്ടോ എന്‍വൈറോ സൊല്യൂഷന്‍ പ്രൈവറ്റ് കമ്പനിയാണ്.
ദുരന്ത ദിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ. ഫിലിപ്പ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി, തിരുവനന്തപുരം റീജിയണല്‍ ഓഫീസ് മലിനീകരണ നിയന്ത്ര ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ സിന്ധു രാധാകൃഷ്ണന്‍, മലിനീകരണ നിയന്ത്ര ബോര്‍ഡ് അസി. എഞ്ചിനിയര്‍ എസ്.എന്‍ നിഷ, മലിനീകരണ നിയന്ത്ര ബോര്‍ഡ് ജില്ലാ ഓഫീസര്‍ അലക്സാണ്ടര്‍ ജോര്‍ജ്, എയ്റ്റീന്ത്, സ്റ്റെപ് ദാമോദര്‍ കേബിള്‍ കാര്‍ പ്രൈവറ്റ് ലിമിറ്റഡ് ഓപറേഷന്‍ ഹെഡ് ഉമാ നായര്‍, പെര്‍ഫെക്റ്റ് എന്‍വയോണ്‍മെന്റല്‍ സൊല്യൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ രച്ന ഭാര്‍ഗവ, മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ ഭാര്‍ഗവ, അട്ടത്തോട് ആദിവാസി മൂപ്പന്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.