ശബരിമല : ശബരിമല റോപ്‌വേ നിർമാണത്തിന് വനഭൂമി വിട്ടുകിട്ടുന്നതിന് സംയുക്‌ത പരിശോധനയിൽ വനം വകുപ്പ് നിർദേശിച്ചതനുസരിച്ച് വീണ്ടും സ്ഥാനനിർണയം നടത്തി അതിർത്തിക്കല്ല് സ്ഥാപിച്ചു. ന്യൂനതകൾ പരിഹരിച്ചതിനാൽ വനം വകുപ്പിന്റെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ വന്യജീവി ബോർഡിനു സമർപ്പിച്ചേക്കും. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള റോപ് വേയ്ക്ക് 4.5336 ഹെക്ടർ വനഭൂമിയാണ് ആവശ്യം. 2.7 കിലോമീറ്ററാണ് നീളം. പമ്പ ഹിൽടോപ് പാർക്കിംഗ് ഗ്രൗണ്ടിലാണ് അടിസ്ഥാന സ്റ്റേഷൻ. ഇതു റാന്നി വനം ഡിവിഷനിലും ബാക്കി പില്ലറുകളും റോപ്‌വേ അവസാനിക്കുന്ന സന്നിധാനം സ്‌റ്റേഷൻ വരെയുള്ള ഭാഗം പെരിയാർ കടുവ സങ്കേതത്തിലുമാണ്.
ഇവിടെ റോപ് വേയ്ക്ക് സർവേ നടത്തി നേരത്തെ അതിർത്തിക്കല്ല് സ്‌ഥാപിച്ചിരുന്നു. എന്നാൽ പമ്പ ഹിൽ ടോപ് ഭാഗത്ത് സ്ഥാനനിർണയം നടത്തി ഇരുമ്പുപൈപ്പ് ഉപയോഗിച്ചുള്ള കുറ്റിയാണ് സ്ഥാപിച്ചിരുന്നത്. സംയുക്ത പരിശോധനയിൽ ഈ കുറ്റികൾ കാണാതെ വന്നതോടെയാണ് പുതിയ അതിർത്തിക്കല്ല് സ്ഥാപിക്കേണ്ടി വന്നത്. ഇക്കാര്യം റാന്നി ഡിഎഫ്‌ഒയെ ദേവസ്വം ബോർഡും റോപ് വേ നിർമാണ കമ്പനിയും അറിയിച്ചു. നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ റിപ്പോർട്ട് നൽകുന്നതിനു കുറഞ്ഞത് 2 ആഴ്ച വേണമെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. റാന്നി ഡിഎഫ്ഒയും പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടറും നൽകുന്ന റിപ്പോർട്ടുകൾ അനുകൂലമായാല്‍ മാത്രമേ ആവശ്യമായ വനഭൂമി ലഭിക്കൂ.