ശബരിമല : കോവിഡ് വ്യാപനം തടയുന്നതിന് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഉള്ള ഈ മണ്ഡല തീര്‍ഥാടന കാലത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിയ ദിവസമായിരുന്നു ശനിയാഴ്ച്ച. ശനി, ഞായര്‍ ദിവസങ്ങള്‍ 2,000 തീര്‍ഥാടകരെയാണ് ദര്‍ശനത്തിന് അനുവദിച്ചിട്ടുള്ളത്. മറ്റ് സാധാരണ ദിവസങ്ങളില്‍ 1000 ഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി.
ശനിയാഴ്ച്ച രാവിലെ ശാരീരിക അകലം പാലിച്ച് വലിയ നടപ്പന്തലിന്റെ മുക്കാല്‍ ഭാഗവും തീര്‍ഥാടകര്‍ നിറഞ്ഞ നിലയുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ സന്നിധാനം വലിയ നടപ്പന്തലില്‍ 351 ഇടങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈകളും കാലും ശുചീകരിക്കുന്നതിനും വലിയ നടപ്പന്തലില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.