പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ ഫീസ് ഈടാക്കാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശനത്തിന് എത്താത്തവര്‍ക്ക് പണം നഷ്ടമാകുന്ന രീതിയിലുള്ള സംവിധാനമാണ് ദിവസം ബോര്‍ഡ് ഒരുക്കുന്നത്.
ഈടാക്കുന്ന ഫീസ് ദേവസ്വം ബോര്‍ഡിലേക്ക് പോകും. അടുത്ത മണ്ഡലകാലംമുതല്‍ ഇത് നടപ്പാക്കാനാണ് ബോര്‍ഡിന്‍റെ തീരുമാനം. ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6772 പേരാണ് ദര്‍ശനത്തിന് എത്താതിരുന്നത്. ഇതോടെയാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള ആലോചന ബോര്‍ഡ് എത്തിയത്. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചീഫ് എന്‍ജിനിയറും അടങ്ങിയ സംഘം പോലീസ് മേധാവി, വെര്‍ച്വല്‍ ക്യൂവിന്റെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിച്ചു.