ന്യൂഡല്‍ഹി : മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രമേയം. കെ.മുരളീധരന്‍ എം.പിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നുവെന്ന് കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാണ്. ഭരണഘടന ഉറപ്പു നല്‍ക്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കെ.മുരളീധരന്‍ പറയുന്നു.
വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തിലാണ് കെ.എസ് ശബരീനാഥന് അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് ശംഖുമുഖം അസി.കമീഷണര്‍ മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രിയോടെ ശബരീനാഥിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പോലീസ്, ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു.
ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറസ്റ്റ് വിവരം അറിയിച്ചത്. വിമാനത്തില്‍ പ്രതിഷേധത്തിനു നിര്‍ദേശം നല്‍കിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇതിന്റെ വാട്സ്ആപ് സ്ക്രീന്‍ ഷോട്ടുകള്‍ പോലീസിന് ലഭിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്തു പോയത്.
മുഖ്യമന്ത്രി കണ്ണൂര്‍ -തിരുവനന്തപുരം വിമാനത്തില്‍ വരുന്നുണ്ടെന്നും രണ്ടു പേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിച്ചാല്‍ എന്തായാലും വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയില്ലല്ലോ എന്നുമുള്ള സന്ദേശമാണ് ശബരീനാഥന്റേതായി പ്രചരിക്കുന്നത്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.