കൊച്ചി : മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്ന് അന്വേഷണ സംഘം. അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരി ഉപയോഗിച്ചതിനടക്കം തെളിവുകൾ കണ്ടെത്താനാണ് ശാസ്ത്രീയ പരിശോധനയും നടത്തുന്നത്. ഇതിനായി സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറൻസിക് ലാബിലേക്ക് അയച്ചു. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകും.
അതിനിടെ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്. സൈജുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് റോയിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞദിവസം നമ്പർ 18 ഹോട്ടലിൽ വീണ്ടും റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 27, ഡിസംബർ 27, ഈവർഷം ഒക്ടോബർ 9 തീയതികളിൽ നമ്പർ 18 ഹോട്ടലിൽനിന്ന് പകർത്തിയ വീഡിയോകളാണ് സൈജു തങ്കച്ചന്റെ ഫോണിൽ നിന്ന് ലഭിച്ചത്.
ഇവിടെ മയക്കു മരുന്നിന്റെ ഉപയോഗം നടന്നതായി സൈജുവിന്റെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടത്തിയത്. രണ്ടുമണിക്കൂർ പരിശോധന നീണ്ടു നിന്നു. തൃക്കാക്കര ഒയോ റൂം മരടിലെ ഹോംസ്റ്റേ, പനങ്ങാട് റിസോർട്ട്, ചിലവന്നൂർ, കാക്കനാട്, എടത്തല എന്നിവിടങ്ങളിലെ ഫ്ളാറ്റുകൾ എന്നിവിടങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു.