തിരുവനന്തപുരം : ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പ്രസംഗത്തിൽ നടപടി സിപിഎം തീരുമാനിക്കട്ടെയെന്ന് സിപിഐ. സിപിഎമ്മിന്റെ തീരുമാനത്തിനുശേഷം മാത്രം പ്രതികരണമെന്ന് കാനം രാജേന്ദ്രന്‍. സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് അംഗമാണ് സജി ചെറിയാൻ. സി.പി.എമ്മിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം വരട്ടെ. എന്നിട്ട് മാത്രമേ പ്രതികരണമുള്ളൂവെന്നും കാനം വ്യക്തമാക്കി. അതേസമയം, മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജിവയ്ക്കില്ല. നിയമവശം പരിശോധിച്ചശേഷം മാത്രം നടപടിയെടുത്താല്‍ മതിയെന്നാണ് സജി ചെറിയാന്‍ കൂടി പങ്കെടുത്ത സിപിഎം അവയ്‍ലബിള്‍ സെക്രട്ടേറിയറ്റിന്റെ തീരുമാനം.
രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് എന്തിന് രാജിയെന്നാണ് മന്ത്രി മാധ്യമങ്ങള്‍ക്കു നല്‍കിയ ഉത്തരം. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവല്ലോ എന്നും പറഞ്ഞു. നാക്ക് പിഴ പറ്റിയെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്റെ വിശദീകരണം. മന്ത്രി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന വിമര്‍ശനവും സെക്രട്ടേറിയറ്റിലുയര്‍ന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും മന്ത്രി പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തി. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാന്‍ പ്രഥമദൃഷ്ടിയാ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നാണ് എജിയുടെ നിയമോപദേശം.