തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രാജിവെച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളായി നിയമിച്ചു. പൊതു മരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും കായിക മന്ത്രി അബ്ദുറഹിമാന്റെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായാണ് സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങളായ 10 പേര്‍ക്ക് പുനര്‍നിയമനം നല്‍കിയത്. അഞ്ചു പേരെ വീതമാണ് മാറ്റി നിയമിച്ചത്. ഇതോടെ രണ്ട് മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. നിലവില്‍ മറ്റ് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആണ്.
സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കലിനെ അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിരുന്നു. സജിചെറിയാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ഉറപ്പാക്കാനാണ് ഈ നിയമന മാറ്റം എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പദവിയില്‍ വരുന്ന ചെറിയ ഇടവേള പോലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഒരു വര്‍ഷത്തെ തുടര്‍ച്ചയായ സര്‍വീസാണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന് പരിഗണിക്കുക. അതിനാലാണ് ആദ്യം പേഴ്സണല്‍ സ്റ്റാഫിന്റെ കാലാവധി നീട്ടുകയും പിന്നീട് റിയാസിന്റെ സ്റ്റാഫ് ആയി നിയമിക്കുകയും ചെയതത്. സജി ചെറിയാന്‍ രാജിവെച്ചതോടെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി ഈ മാസം 20 വരെ നീട്ടിയിരുന്നു. 21 മുതലാണ് ഇവര്‍ക്ക് മറ്റു മന്ത്രിമാരുടെ പേഴ്സണല്‍ അംഗങ്ങളായി നിയമന മാറ്റം നല്‍കിയത്.