തിരുവനന്തപുരം: മലയാളത്തില്‍ കാലാകാലങ്ങളായി പ്രയോഗിച്ചു വരുന്ന ഒരു പതിവ് ശൈലി പ്രയോഗം സജി ചെറിയാനെന്ന സിപിഎം നേതാവിന് നഷ്ടമാക്കിയത് സ്വന്തം മന്ത്രി സ്ഥാനമാണ്. ‘കണ്ട അണ്ടനും അടകോടനും…’ എന്ന് പറയുന്നത് പോലെ തന്നെ നിന്ദിച്ചു പറയുന്ന അല്ലെങ്കില്‍ വിലകുറച്ച് കാണിക്കാന്‍ ഉപയോഗിക്കുന്ന ഒരു മലയാളം ശൈലിയായിരുന്നു മുന്‍ മന്ത്രി സജി ചെറിയാന്‍ പ്രയോഗിച്ച ‘കുന്തവും കുടച്ചക്രവും’ എന്നത്. എന്തിനെക്കുറിച്ചാണോ കുന്തവും കുടച്ചക്രവും എന്ന് പറയുന്നത് അതിനെ പറയുന്നയാള്‍ ബഹുമാനിക്കുന്നില്ല അല്ലെങ്കില്‍ വിലവെയ്ക്കുന്നില്ല എന്നാണ് ഈ ശൈലി വ്യക്തമാക്കുന്നത്. ‘ചുക്കും ചുണ്ണാമ്പും’, ‘അന്തവും കുന്തവും’ തുടങ്ങിയ ശൈലികളും ഇതുപോലെ പുച്ഛിച്ച് സംസാരിച്ചു പറയുമ്പോള്‍ സാധാരണമായി ഉപയോഗിക്കുന്നതാണ്. ഭരണഘടനയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നാടന്‍ ശൈലി പ്രയോഗവും കൂടി ചേര്‍ന്നപ്പോഴാണ് വിഷയം പൊല്ലാപ്പായതും സജി ചെറിയാന് മന്ത്രി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നതും.
”ഭാരതത്തിന്റെ ഭരണഘടന കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ രീതിയിലാണ് അത് എഴുതിയിട്ടുള്ളത്. മതേതരത്വവും ജനാധിപത്യവും, കുന്തവും കുടചക്രവുമൊക്കെ സൈഡില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും.”- സംസ്ഥാനത്തെ മുന്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകളാണിവ. ഈ ‘താത്വിക അവലോകനത്തിന്റെ’ പേരില്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. ഇതിനെതുടര്‍ന്ന് ആരാണ് ഭരണഘടനയെ പിന്തുണയ്ക്കുന്നത് ആരാണ് എതിര്‍ക്കുന്നത് എന്ന വിവാദവും കത്തിപ്പടര്‍ന്നു.
സജി ചെറിയാനെതിരെയുള്ള ഭരണഘടന അധിക്ഷേപ പ്രസംഗ കേസ് അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ക്രിമനല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം എന്നറിയുന്നു. എന്നാല്‍ കേസ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഡിജിപിയുടെ നിര്‍ദേശപ്രകാരമാവും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും കേസന്വേഷിക്കുന്ന തിരുവല്ല ഡിവൈഎസ്പി പറയുന്നു.
ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ മുന്‍ മന്ത്രി സജി ചെറിയാന് എതിരായ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നത് നാളുകളായുള്ള പ്രതിപക്ഷ ആക്ഷേപമായിരുന്നു. സജി ചെറിയാനെ സമയ ബന്ധിതമായി ചോദ്യം ചെയ്യാന്‍ പോലും പോലീസ് ആദ്യ ഘട്ടത്തില്‍ തയ്യാറായിരുന്നില്ലെന്നതാണ് അത്ഭുതം. ഇതോടെ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യവുമുണ്ടായി.
മല്ലപ്പള്ളിയിലെ സിപിഎം വേദിയില്‍ നടത്തിയ വിവാദ പ്രസംഗമാണ് വിവാദത്തിലേക്ക് സജി ചെറിയാനെ എത്തിച്ചത്. ഇതോടെ കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ തിരുവല്ല ഫസറ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പരാതി നല്‍കി. ഇതോടെ സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം സജി ചെറിയാന്‍ എംഎല്‍എക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രസംഗത്തിന്റെ വീഡിയോ കിട്ടിയില്ലെന്ന് പറഞ്ഞ് പോലീസ് വിഷയത്തില്‍ തടിതപ്പുകയാണ് ആദ്യം ചെയ്തത്. പോലീസ് തെളിവുകള്‍ കിട്ടിയിട്ടും അനങ്ങുന്നില്ലെന്നും ആക്ഷേപം നിലനില്‍ക്കെയാണ് പോലീസ് വിഷയത്തില്‍ ഒളിച്ച് കളിച്ചത്. പരിപാടിയുടെ സംഘാടകരുടെയും അന്ന് വേദിയിലുണ്ടായിരുന്ന എംഎല്‍എംമാരുടെയും മൊഴി രേഖപ്പെടുത്താനും പോലീസ് ‘സമയം’ നോക്കിയിരുന്നു.
സജി ചെറിയാനെ സര്‍ക്കാരാണ് സംരക്ഷിക്കുന്നതെന്ന പ്രതിപക്ഷ വാദങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്ക് ഇതുവരെ പകരം മന്ത്രിയെ സിപിഎം നിശ്ചയിക്കാത്തത്. സജി ചെറിയാന് അവസരമൊരുക്കുകയാണ് പാര്‍ട്ടി എന്ന ആക്ഷേപമാണ് ഇതിലൂടെ ഉയരുന്നത്. സജി ചെറിയാന് അനുകൂലമായ റിപോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്താല്‍ സജി ചെറിയാന് മന്ത്രി സ്ഥാനത്തേക്ക് തിരികെ വരാന്‍ വഴിയൊരുങ്ങും.
































