കൊല്ലം : ജില്ലയില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ അനവധി അക്രമക്കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാ ആക്‌ട് പ്രകാരം നാടുകടത്തി. ശക്തികുളങ്ങര കന്നിമേല്‍ചേരി ഇടപ്പാടം വയല്‍ തുണ്ടുപറമ്പില്‍ വീട്ടില്‍ എസ്.മുഹമ്മദ് അസ്‌ലത്തെ (ഷാന്‍-23)യാണ് 2017-ലെ കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (ഗുണ്ടാ ആക്‌ട്) 15(1) വകുപ്പ് പ്രകാരം ആറുമാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതു തടഞ്ഞ് തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ.സഞ്ജയകുമാര്‍ ഗുരുഡിന്‍ ഉത്തരവിറക്കിയത്.
ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ടി.ബിജുവിന്റെ റിപ്പോര്‍ട്ടിന്മേല്‍ കൊല്ലം എ.സി.പി. എ.പ്രദീപ്കുമാറാണ് അന്വേഷണം നടത്തിയത്. പ്രദേശത്ത് അനുദിനം ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷിടിക്കുന്ന മുഹമ്മദ് അസ്‌ലം ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും ഉത്തരവ് പ്രാബല്യത്തില്‍ വന്നതായും പോലീസ് അറിയിച്ചു.