ഡല്‍ഹി : കോവിഡ് പരിശോധനക്കായി വികസിപ്പിച്ചെടുത്ത സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഐസിഎംആറിന്റെ അംഗീകാരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ കീഴില്‍ നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടാണ്(എന്‍ഇഇആര്‍ഐ) പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മൂന്ന് മണിക്കൂറിനകം പരിശോധന ഫലം അറിയാം.
സലൈന്‍ ലായനി നിറച്ച കളക്ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സലൈന്‍ ലായനി വായിലൊഴിച്ച് കുലുക്കിക്കൊണ്ടതിന് ശേഷം ഇതേ ട്യൂബിലേക്ക് തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ച് സാധാരണ താപനിലയില്‍ ഗവേഷകര്‍ തയ്യാറാക്കിയ പ്രത്യേക ലായനിയില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ അരമണിക്കൂര്‍ സൂക്ഷിച്ച ശേഷം ആറ് മിനിറ്റ് നേരം 98 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കും. ഇതുവഴി വേര്‍തിരിച്ചെടുക്കുന്ന ആര്‍എന്‍ഐ ആണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കുന്നത്.