തിരുവനന്തപുരം: സാലറി ചലഞ്ച് ഏകപക്ഷീയമായി നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാലറി ചാലഞ്ചില്‍ ഉദ്യോഗസ്ഥരെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാവ്യാധിയുടെ വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണം തേടുന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. എല്ലാവരും അതിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഏകപക്ഷീയമായി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിച്ചെടുക്കാതെ അവരുടെ വിശ്വാസമാര്‍ജ്ജിച്ചു വേണം സാലറി ചാലഞ്ച് നടപ്പാക്കാനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് ഭൂരിഭാഗം പേരുമെന്നും എന്നാല്‍ ഇന്ന് സംസ്ഥാനവും സര്‍ക്കാരും നേരിടുന്ന അസാധാരണ സാഹചര്യത്തില്‍ എല്ലാവരുടെയും ഏക മനസ്സോടെയുള്ള സഹവര്‍ത്തിത്വം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ലോക്ഡൗണുമായി ബന്ധപ്പെട്ട് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ കര്‍മനിരതരായ പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിശമന സേനാവിഭാഗത്തെയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാരേയും ലാസ്റ്റ് ഗ്രേഡ്, ദിവസവേതന ജീവനക്കാരെയും സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരുടെ സേവനങ്ങള്‍ അഭിനന്ദനീയമാണെന്ന് നമുക്കെല്ലാം ബോധ്യമുള്ളതിനാല്‍ സംഭാവനയേക്കാള്‍ മഹത്തരമാണ് അവരുടെ സേവനങ്ങള്‍ എന്ന സന്ദേശമാണ് ഇപ്പോള്‍ നമുക്ക് അവര്‍ക്കായി നല്‍കാനുള്ള ആദരവും അംഗീകാരവുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു .