തിരുവനന്തപുരം : സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. കൊവിഡ് ഡ്യൂട്ടിയില്‍ ഒരുമാസം പിന്നിട്ടിട്ടും ശമ്പളവും തസ്തികയുമില്ലെന്നും ആവശ്യം അറിയിച്ചിട്ടും സര്‍ക്കാര്‍ കൈമലര്‍ത്തുകയാണെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. പി.പി.ഇ കിറ്റ് ധരിച്ച പ്രതിഷേധ വീഡിയോ പുറത്തുവിട്ടു.
നടക്കുന്നത് ചൂഷണമാണെന്നും എത്രനാള്‍ തുടരാനാകുമെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 980 ലധികം ഹൗസ് സര്‍ജന്മാരെയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ചത്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ഈ ഡോക്ടര്‍മാര്‍ക്കാണ് പ്രധാന ചുമതല. കൊവിഡ് ഡ്യൂട്ടിയിലേര്‍പ്പെടുമ്പോഴും ആവശ്യമായ ക്വാറന്റീന്‍ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ സീനിയര്‍ ഡോക്ടര്‍മാര്‍ ഹാജരാകാത്ത സമയങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇരട്ടിജോലിയാണ്. ശമ്പളം കിട്ടാത്തതിനാല്‍ കയ്യില്‍ നിന്ന് കാശ് ചിലവാക്കേണ്ട അവസ്ഥയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.