തിരുവനന്തപുരം : സംസ്ഥാനത്തെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ റിലേ നില്‍പ്പ് സമരം ആരംഭിക്കും. ആഴ്ച്ചകളായി തുടരുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കെജിഎംഒഎ ആരോപിച്ചു.
എന്നാല്‍ വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ – ഡിഎച്ച്‌എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ ഈ പ്രതിഷേധത്തിന്ന്‍ന്‍റെ ഭാഗമാകും. അതേസമയം അവഗണന തുടര്‍ന്നാല്‍ നവംബര്‍ 16ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ ഒക്ടോബര്‍ നാല് മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. ഗാന്ധിജയന്തി ദിനത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരവും നടത്തി. ഈ സമരങ്ങളെല്ലാം കണ്ടിട്ടും ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.