കുളനട : ആറുമാസത്തെ ശമ്പളം കുടിശ്ശികയായതോടെ വള്ളം തുഴയുന്നത് നിർത്തുമെന്ന് വള്ളക്കാരന്‍റെ മുന്നറിയിപ്പ്. കടത്തുവള്ളം നിർത്തിയാൽ ഇരുകരകളിലുമെത്താൻ എളുപ്പമാർഗത്തിനായി വള്ളത്തെ ആശ്രയിക്കുന്ന വിദ്യാർഥികളടക്കം നൂറിലധികം ആളുകൾ വലയും. പന്തളം നഗരസഭയുടെ അതിർത്തി പ്രദേശമായ ഐരാണിക്കുടിയെ അച്ചൻകോവിലാറിന്റെ മറുകരയിൽ ആലപ്പുഴ ജില്ലയിൽപ്പെട്ട വെണ്മണി ഗ്രാമപ്പഞ്ചായത്തിലെ പുന്തലയുമായി ബന്ധിപ്പിക്കുന്ന ഐരാണിക്കുടി കടവിലാണ് കടത്ത് വള്ളമുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ ഈ കടത്തുവള്ളമാണ് നിർത്താൻ പോകുന്നതായി കടത്തുവള്ളക്കാരൻ സുരേഷ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഒരുലക്ഷത്തോളം രൂപ ശമ്പളം നൽകാനുണ്ട്.
കടവിൽ സ്ഥിരമായി ഏർപ്പെടുത്തിയിരുന്ന കടത്ത് 2018-ൽ പ്രളയത്തിനുശേഷം വള്ളത്തിന്റെ തകരാറുകാരണം നിന്നുപോയി. പിന്നീട് ഒരു സന്നദ്ധ സംഘടന നൽകിയ വള്ളത്തിലാണ് കടത്ത് നടത്തിയിരുന്നത്. ഇതും കേടായതോടെ കുറച്ചുനാൾ കടത്ത് മുടങ്ങി. പിന്നീട് സേവാഭാരതി നൽകിയ വള്ളത്തിലാണ് ഇപ്പോൾ ആളുകളെ കൊണ്ടുപോകുന്നത്. നൂറനാട്-വെണ്മണി പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന ‘ആംബുലൻസ് പാലം’ എന്ന പേരിലറിയപ്പെട്ടിരുന്ന പാലം 2018-ലെ പ്രളയത്തിൽ തകർന്നിരുന്നു. ഇതോടെയാണ് നാട്ടുകാർക്ക് യാത്രാക്ലേശം അനുഭവപ്പെട്ടത്. പിന്നീട് പഴയ കടത്തുവള്ളത്തെത്തന്നെ ഇവർ ആശ്രയിക്കുകയായിരുന്നു. കടത്തുനിന്നാൽ പുലക്കടവ് പാലത്തിലൂടെയോ പന്തളം വലിയപാലത്തിലൂടെയോ വേണം മറുകരയിലെത്താൻ. ഇതിന് 10 കിലോമീറ്റർ സഞ്ചരിക്കണം.