കൊടുങ്ങല്ലൂർ : അനധികൃതമദ്യ വിൽപ്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു. പുല്ലൂറ്റ് നാരായണമംഗലം പാറക്കൽ വീട്ടിൽ നിധിനാണ് (38) എക്‌സൈസ് സംഘത്തെ വളർത്തുനായയെ ഉപയോഗിച്ച് ഓടിക്കാൻ ശ്രമിച്ചത്.
പുല്ലൂറ്റ് നാരായണമംഗലത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈഡേ ദിവസങ്ങളിൽ അനധികൃത മദ്യ വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിനെത്തിയതായിരുന്നു എക്‌സൈസ് സംഘം. സ്ഥലത്തെത്തിയപ്പോൾ വീടിന്റെ ഗേറ്റ് അടച്ച നിലയിലായിരുന്നു.
വിളിച്ചിട്ടും ആരും തുറക്കാതായതോടെ മഫ്ടിയിലെത്തിയ സംഘത്തിൽ ഒരാൾ ഗേറ്റ് ചാടിക്കടന്നതോടെ പോമറേനിയൻ നായയെ അഴിച്ചുവിടുകയായിരുന്നുവെന്നും ബഹളത്തിനിടെ നിധിൻ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് എക്‌സൈസ് സംഘം പറയുന്നത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഭാര്യയും മറ്റും പട്ടിയെ കൂട്ടിലാക്കിയതോടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും, മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ച ഇലക്ട്രിക് സ്‌കൂട്ടറും കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. നിധിനെതിരെ നിരന്തരം പരാതി ലഭിച്ചതായും ഇയാളെ മുൻപ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി.