പ്രോസ്റ്റേറ്റ് കാൻസറിനെ കൈയോടെ പിടികൂടാൻ ഉമിനീർ പരിശോധന സഹായിച്ചേക്കാമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. പുരുഷന്മാരുടെ ഡിഎൻഎ വിശകലനം ചെയ്യുന്നതിലൂടെയാണ് രോഗസാധ്യത കണ്ടെത്തുന്നത്. പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്ന ഡിഎൻഎയിലെ 130 മ്യൂട്ടേഷനുകളാണ് പരിശോധിക്കുക. 55-നും 69-നുമിടയിൽ പ്രായമുള്ള പുരുഷന്മാരുടെ ഉമിനീരാണ് പഠനവിധേയമാക്കിയത്. ഗവേഷണഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിൽ എല്ലാവർഷവും ഏകദേശം 12,000 പുരുഷന്മാർ പ്രോസ്റ്റേറ്റ് കാൻസർമൂലം മരിക്കുന്നുവെന്നാണ് കണക്ക്.
പ്രോസ്റ്റേറ്റ് ബയോപ്സികൾക്കും എംആർഐ സ്കാനുകൾക്കും കണ്ടെത്താനാകാത്ത അപകടങ്ങൾ ഉമിനീർ പരിശോധന പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. എന്നാലിതിനെ പൂർണമായും ആശ്രയിക്കണമെങ്കിൽ ഇനിയും പഠനങ്ങൾ ആവശ്യമാണെന്നും കാത്തിരിക്കേണ്ടിവരുമെന്നും കേംബ്രിജ് സർവകലാശാലയിലെ പ്രൊഫസർ മൈക്കൽ ഇനോയ് പറഞ്ഞു.പ്രോസ്റ്റേറ്റ് കാൻസറിനുള്ള നിലവിലെ പരിശോധന പലപ്പോഴും അനാവശ്യ ചികിത്സകളിലേക്ക് നയിക്കുന്നുവെന്ന് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ചിലെ പ്രൊഫസർ ക്രിസ്റ്റ്യൻ ഹെലിലും അഭിപ്രായപ്പെട്ടു. ചില കാൻസറുകൾ കണ്ടെത്തുന്നതിൽ ഇവ പരാജയപ്പെടുന്നുമുണ്ട്. മെച്ചപ്പെട്ട ഒരു സ്ക്രീനിംഗ് പരിശോധന അത്യാവശ്യമാണ്. ആ ലക്ഷ്യത്തിലേക്കുള്ള പുരോഗതിയായി ഈ ഗവേഷണത്തെ കാണുന്നുവെന്നും ഹെലിൽ വ്യക്തമാക്കി.