റാന്നി : ആവേശത്തോടെ മുദ്രാവാക്യം മുഴക്കി അക്ഷരയാത്ര നടത്തി എഴുത്തുപുരയിൽ കുട്ടികളെത്തി. സമഗ്ര ശിക്ഷാ കേരളയുടെ എഴുത്തുകൂട്ടം വായനക്കൂട്ടം സ്കൂൾതല ശില്പശാലകൾക്ക് തുടക്കമായി. ഭാഷകൊണ്ട് ആശയവിനിമയത്തിനപ്പുറം അനുഭൂതി വിനിമയം കൂടി നാം സാധിച്ചെടുക്കുന്നുണ്ട്. ഇതിനുള്ള കഴിവ് വികസിപ്പിച്ചെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം നടത്തുന്ന അർത്ഥപൂർണമായ ഒരു ഇടപെടലാണ് എഴുത്ത് കൂട്ടം വായനക്കൂട്ടം. വിവിധ വിദ്യാലയങ്ങളിൽ നടക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന വിദ്യാലയ ശില്പശാലകളുടെ ബ്ലോക്ക്തല ഉദ്ഘാടനം റാന്നി എസ്.സി ഹയർ സെക്കൻ്ററി സ്കൂളിൽ പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബെറ്റി പി. ആന്റോ അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ സലാം വിഷയാവതരണം നടത്തി. റിസോഴ്സ് പേഴ്സൺമാരായ ജയശ്രീ ദേവി ജി, ശിവപ്രിയ എസ്, അനുഷ ശശി, ബറ്റ്സി കെ ഉമ്മൻ, ഷൈനി റ്റി.ജോർജ്, സൈജു സക്കറിയ, ആർ.ജെ.സജിൻ, രാജശ്രീ ആർ എന്നിവർ സംസാരിച്ചു. ശില്പശാലക്ക് മുന്നോടിയായി നടന്ന അക്ഷരയാത്ര പ്രിൻസിപ്പൽ ബെറ്റി പി. ആന്റോ ഫ്ലാഗ് ഓഫ് ചെയ്തു. മുദ്രാവാക്യം വിളിച്ചും സാഹിത്യകാരന്മാരുടെ മുഖം മൂടി ധരിച്ചും പ്ലക്കാർഡുകൾ ഏന്തിയും വർണക്കൊടികൾ പിടിച്ചും നടത്തിയ അക്ഷരയാത്ര കുട്ടികൾക്ക് നവ്യാനുഭവമായി. 5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളേയും 9 മുതൽ 12 വരെയുള്ള കുട്ടികളേയും പ്രത്യേകം പ്രത്യേകം ബാച്ചുകളാക്കിയാണ് ശില്പശാല നടത്തുന്നത്.