പത്തനംതിട്ട : പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സമഗ്രശിക്ഷ കേരളത്തിന്റെ (എസ്എസ്‌കെ) ആഭിമുഖ്യത്തില്‍ വീടുകളിലെത്തി മാസ്‌കുകള്‍ വിതരണം തുടങ്ങി. 26-ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ നടത്തിപ്പിനായാണ് 40,000 മാസ്‌ക് വിതരണം ചെയ്യുന്നത്. എസ്എസ്‌കെ ട്രെയിനര്‍, സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍, റിസോഴ്‌സ് അധ്യാപകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ പിടിഎ, മാതൃസമിതി എന്നിവരും സംഘത്തിലുണ്ട്.
പരീക്ഷാ കേന്ദ്രത്തില്‍ എത്തുന്നവര്‍ വീട്ടില്‍ നിന്നുതന്നെ മുഖാവരണം ധരിച്ച് പോകുമെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം സുരക്ഷാ മാര്‍ഗനിര്‍ദേശ നോട്ടീസുകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. രോഗവ്യാപന സാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് 11 ബിആര്‍സികളിലെ ജീവനക്കാര്‍ മാസ്‌കുകള്‍ നേരിട്ട് എത്തിക്കുന്നത്.
പ്രഥമിക ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സുരക്ഷാമാര്‍ഗങ്ങളെപ്പറ്റി നിര്‍ദേശം നല്‍കുന്നതും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതും എസ്എസ്‌കെ ആണെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ വി അനില്‍ അറിയിച്ചു.