ഡല്‍ഹി : ഹോട്ട് സ്‌പോട്ടുകളിലെ സാമ്പിള്‍ പരിശോധന സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഹോട്ട് സ്‌പോട്ടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം. രാജ്യത്ത് 170 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ചുമ, പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. പരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം.
ഏഴ് ദിവസത്തിനു ശേഷം റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ഫലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരെ വീണ്ടും ഏഴ് ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം. ഈ കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റണം. പരിശോധനയില്‍ ഫലം നെഗറ്റീവ് ആയവരെയും ഏഴ് ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വിദേശത്തു നിന്നും എത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ശ്വസന സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവരും പരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് ബാധിതരുമായി ഇടപഴകിയവരുടെ സ്രവങ്ങള്‍ അഞ്ചാം ദിവസവും പതിനാലാം ദിവസവും പരിശോധിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.