പത്തനംതിട്ട : സാംസഗ് കമ്പിനിയുടെ നാല്‍പ്പതിനായിരം രൂപയുടെ ഫ്രിഡ്ജ് വാങ്ങിയിട്ട് ഒരുവര്‍ഷം പോലും ഉപയോഗിക്കുവാന്‍ കഴിഞ്ഞില്ലെന്ന് ഉപഭോക്താവ്. പത്തനംതിട്ട നന്ദിലത്ത് ജി മാര്‍ട്ടില്‍ നിന്നും ഫ്രിഡ്ജ് വാങ്ങിയ കുമ്പഴ പൊയ്കയില്‍ ബിനോയിക്കാണ് പരാതി. തകരാര്‍ പരിഹരിക്കുവാന്‍ വന്ന കമ്പിനിയുടെ സര്‍വീസ് ടെക്നീഷ്യന്‍ ഗ്യാസ് ചോര്‍ച്ച പരിഹരിക്കുവാന്‍ ലോഹ പൈപ്പില്‍ പഴംതുണി ചുറ്റി പശ തേച്ചൊട്ടിച്ചാണ് തകരാര്‍ പരിഹരിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫ്രിഡ്ജ് വീണ്ടും പ്രവര്‍ത്തന രഹിതമായി.
2019 ഓഗസ്റ്റ് 25 നാണ് 40650 രൂപ പണമായി നല്‍കി പത്തനംതിട്ട നന്ദിലത്ത് ജി മാര്‍ട്ടില്‍ നിന്നും സാംസംഗ് കമ്പിനിയുടെ ഫ്രിഡ്ജ് കുമ്പഴ പൊയ്കയില്‍ ബിനോയി പി.ജേക്കബ് വാങ്ങുന്നത്. മുമ്പ് ഉപയോഗിച്ചിരുന്നത് സാംസംഗ് കമ്പിനിയുടെ ഫ്രിഡ്ജ് ആയിരുന്നു. ഇതിനും നിരവധി തകരാറുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ മറ്റു കമ്പിനിയുടെ ഫ്രിഡ്ജ് വാങ്ങാനായിരുന്നു ബിനോയി നന്ദിലത്ത് ജി മാര്‍ട്ടില്‍ എത്തിയത്. എന്നാല്‍ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരുടെ തന്ത്രങ്ങളില്‍ ഇദ്ദേഹം അറിയാതെ വീഴുകയായിരുന്നു. ഇപ്പോള്‍ വരുന്ന ഫ്രിഡ്ജ് ആധുനിക ടെക്നോളജിയില്‍ ഉള്ളതാണെന്നും തകരാറുകള്‍ തീരെ ഇല്ലെന്നും ഇവര്‍ പറഞ്ഞു. കൂടാതെ സര്‍വീസ് വിഭാഗം ഇപ്പോള്‍ വളരെ മെച്ചമാണെന്നും എന്തെങ്കിലും ആവശ്യം വന്നാല്‍ തങ്ങളുടെ കടയില്‍ അറിയിച്ചാല്‍ മതിയെന്നും ഉടന്‍തന്നെ അത് പരിഹരിക്കുമെന്നും ഇവര്‍ ഉറപ്പുനല്‍കി.
ഫ്രിഡ്ജിന്റെ ആദ്യനാളുകളിലെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു. എന്നാല്‍ ഒരുവര്‍ഷം തികയുന്നതിനു മുമ്പേ തകരാറുകള്‍ തുടങ്ങി. ഫ്രീസര്‍ ഒഴികെയുള്ള ഭാഗത്ത് തണുപ്പ് കുറഞ്ഞതാണ് ആദ്യ പ്രശ്നം. ഫ്രിഡ്ജില്‍ വെക്കുന്ന ആഹാരസാധനങ്ങള്‍ പതിവായി കേടായിത്തുടങ്ങി. കൂടാതെ വല്ലാത്ത ദുര്‍ഗന്ധവും. ഫ്രിഡ്ജ് വാങ്ങിയ കടയില്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ടെമ്പറേച്ചര്‍ സെറ്റിംഗ് മാറിക്കിടക്കുകയായിരിക്കുമെന്നും അത് ശരിയായി ഇട്ടാല്‍ മതിയെന്നും പറഞ്ഞു. സെറ്റിംഗ് പലരീതിയില്‍ മാറി ദിവസങ്ങളോളം പരീക്ഷിച്ചിട്ടും ഫ്രിഡ്ജിന്റെ തകരാര്‍ മാറിയില്ല. ഇതിനിടയില്‍ ഫ്രിഡ്ജിന്റെ വാറന്റി കാലാവധി കഴിഞ്ഞു. ഒരുവര്‍ഷമാണ് വാറന്റി, കംമ്പ്രസറിന് 10 വര്‍ഷവും. അതായത് തലക്ക് വാറന്റി ഉണ്ടെങ്കില്‍ ഉടലിന് ഒരുവര്‍ഷം മാത്രമേ വാറന്റിയുള്ളൂ. പെട്ടെന്ന് തകരാര്‍ വരുന്ന ഭാഗമല്ല കംപ്രസ്സര്‍. അതുകൊണ്ടുതന്നെ ഇതിന് 10 വര്‍ഷം വാറന്റി നല്‍കുകയും അത് ഫ്രിഡ്ജിന്റെ മുമ്പില്‍ മനോഹരമായി വലിയ അക്ഷരത്തില്‍ ആലേഖനം ചെയ്ത് വെക്കുകയും ചെയ്യും. സാധാരണക്കാര്‍ ഈ വ്യത്യാസം തിരിച്ചറിയില്ല.
അങ്ങനെ ഒരുവര്‍ഷം എന്ന കടമ്പ കഴിഞ്ഞതോടെ കമ്പിനിയുടെ അംഗീകൃത സര്‍വീസ് ടെക്നീഷ്യന്‍ സുരേഷ് എന്നയാള്‍ പത്തനംതിട്ടയില്‍ നിന്നും വന്നു. പരിശോധിച്ചപ്പോള്‍ ഫ്രിഡ്ജിന് ഉള്ളിലെ ലോഹ പൈപ്പുകള്‍ കൂടിച്ചേരുന്ന ഭാഗത്ത് നിന്നും ഗ്യാസ് ചോര്‍ച്ച ഉണ്ടാകുന്നതായി കണ്ടെത്തി. ഇതിന്റെ ഒരു ഭാഗം കോപ്പറും മറ്റേ ഭാഗം അലുമിനിയവുമാണ്. ഗ്യാസ് ചോര്‍ച്ച ഉണ്ടായ ഭാഗത്ത് പഴന്തുണി ചുറ്റി അതിനു മുകളില്‍ എന്തോ പശ തേച്ച് ഒട്ടിച്ചു വെച്ചതായി ബിനോയി പറയുന്നു. തുണിയും പശയും കൊണ്ട് പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിനെ ബിനോയി എതിര്‍ത്തിരുന്നു. എന്നാല്‍ ഇങ്ങനെ മാത്രമേ ചെയ്യുവാള്‍ കഴിയൂവെന്നും തങ്ങള്‍ സ്ഥിരമായി ഇങ്ങനെയാണ് ചെയ്യുന്നതെന്നും ആരും പരാതി പറഞ്ഞിട്ടില്ലെന്നും കമ്പിനിയുടെ അംഗീകൃത ടെക്നീഷ്യന്‍ പറഞ്ഞു.
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഫ്രിഡ്ജില്‍ നിന്നും ദുര്‍ഗന്ധവും ആഹാര സാധനങ്ങള്‍ കേടാകുവാനും തുടങ്ങി. പലപ്രാവശ്യം വിളിച്ചപ്പോള്‍ ഒരു ദിവസം സര്‍വീസ് ടെക്നീഷ്യന്‍ വന്ന് ഫ്രിഡ്ജിന് ഉള്‍വശം എല്ലാം ക്ലീന്‍ ചെയ്തു. മറ്റു പണികള്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ വര്‍ഷം രണ്ടാകുന്നു. നാല്‍പ്പതിനായിരം രൂപ മുടക്കി വാങ്ങിയ പുത്തന്‍ ഫ്രിഡ്ജ് ശരിയായി ഉപയോഗിക്കുവാന്‍ കഴിഞ്ഞത് ഏതാനും മാസങ്ങള്‍ മാത്രമാണെന്ന് ബിനോയിയും കുടുംബവും പറയുന്നു. അടുത്ത വീട്ടിലെ ഫ്രിഡ്ജ് ആണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഒരു പഴയ ഫ്രിഡ്ജ് വാങ്ങാന്‍ ഒരുങ്ങുകയാണ് ബിനോയി. കഴിഞ്ഞ രണ്ടുവര്‍ഷമായി ഫ്രിഡ്ജിലെ വാതകം ചോര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇതാണ് തങ്ങള്‍ ശ്വസിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതുമൂലം തങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നും ബിനോയിയും കുടുംബവും ആശങ്കപ്പെടുന്നു.
കൂടാതെ ഉപയോഗശൂന്യമായ നാല്‍പ്പതിനായിരം രൂപയുടെ സാംസംഗ് ഫ്രിട്ജുമായി പത്തനംതിട്ട നന്ദിലത്ത് ജി മാര്‍ട്ടിന് മുമ്പില്‍ കുടുംബസമേതം പ്രതിഷേധ സമരം നടത്തുവാന്‍ ഒരുങ്ങുകയാണ് ബിനോയി. നഗരത്തിലൂടെ റീത്തുകള്‍ വെച്ച് വിലാപയാത്രയായിട്ടാണ് ഫ്രിഡ്ജ് ഷോറൂമിന്റെ മുമ്പില്‍ എത്തിക്കുകയെന്നും ഇതേ അനുഭവമുള്ള നിരവധിപേര്‍ ഈ സമരത്തില്‍ പങ്കെടുക്കുമെന്നും ബിനോയി പറഞ്ഞു. കൂടാതെ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുവാനും ഒരുങ്ങുകയാണ് ബിനോയ്.
Live Report: https://fb.watch/7na_khVoHc/