സാംസങ് അടുത്തിടെ പുറത്തിറക്കിയ തങ്ങളുടെ 5ജി സ്മാർട്ട്ഫോണിന് വമ്പൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണയായി സാംസങ് തങ്ങളുടെ പുതിയ ഫോണുകൾക്ക് അത്ര പെട്ടെന്ന് ഡിസ്കൗണ്ട് പ്രഖ്യാപിക്കാറില്ല എന്നാണ് വിപണിയിലെ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ഇപ്പോൾ തങ്ങളുടെ ഗാലക്സി എ34 ന് 4000 രൂപയുടെ ഡിസ്കൗണ്ട് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നു. സാംസങ് ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ഫോൺ വാങ്ങുമ്പോഴാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക. മിഡ്റേഞ്ചിൽ സാംസങ് അടുത്തിടെ പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോൺ ആണ് എ 34. 30,999 രൂപ പ്രാരംഭ വിലയിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഒറ്റയടിക്ക് വില 26,999 രൂപയായി കുറച്ചിരിക്കുന്നു.
വിലയിൽ വരുത്തിയ 4000 രൂപയുടെ ഡിസ്കൗണ്ട് താൽക്കാലികം മാത്രമാണ് എന്നാണ് സാംസങ് പറയുന്നത്. അതേസമയം ഡിസ്കൗണ്ട് സെയിലുകൾ വെറും പൊള്ള വാഗ്ദാനങ്ങൾ മാത്രമാണ് എന്നൊരു ആക്ഷേപം ചില ആളുകൾക്കുണ്ട്. വിൽക്കാത്ത ഫോണുകൾ വില കുറച്ച് തടിതപ്പുന്നു എന്നാണ് ഇവർ ഡിസ്കൗണ്ട് സെയിലുകളെ വിലയിരുത്താറുള്ളത്. ആ നിലയ്ക്ക് നോക്കിയാൽ സാംസങ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ടും വെറും പ്രഹസനമാണോ എന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ വിപണിയിൽ നിലവിലുള്ള മറ്റ് സ്മാർട്ട്ഫോണുകളുടെ വിലയും ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫോണിന്റെ വിലയും അതിലെ ഫീച്ചറുകളും താരതമ്യം ചെയ്ത് ഡിസ്കൗണ്ടിൽ കിട്ടുന്ന സാധനം മൂല്യമുള്ളതാണോ എന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാവുന്നതാണ്. അമോലെഡ് ഡിസ്‌പ്ലേ, ഐപി റേറ്റിംഗ്, സ്റ്റീരിയോ സ്പീക്കറുകൾ, ട്രിപ്പിൾ റിയർ ക്യാമറ, 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന 5ജി സ്മാർട്ട്ഫോൺ ആയ ഗാലക്സി എ34യുടെ 6GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് Samsung.in-ൽ 26,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നു. 30000 രൂപയിൽ 5ജി ഫോൺ തേടുന്നവർക്ക് മാന്യമായി തെരഞ്ഞെടുക്കാവുന്ന ഒരോപ്ഷനാണിത്.