കോന്നി : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ചെറത്തിട്ട ജംഗ്ഷനിൽ മഴവെള്ളപാച്ചിലിൽ ഒലിച്ചിറങ്ങിയ മണൽ അപകട ഭീഷണി ഉയർത്തുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷൻ തോട്ടത്തിലെ മലനിരകളിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം ഒളിച്ചിറങ്ങിയാണ് റോഡിൽ മണൽ കൂനകൾ രൂപപ്പെട്ടിട്ടുള്ളത്.
റോഡരികിലെ കാനകൾ മണ്ണുവീണു മൂടിയതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒലിച്ചിറങ്ങുന്നത്. റോഡിലെ വളവിലാണ് മണൽ നിറഞ്ഞു കിടക്കുന്നത്. ഒരു വർഷം മുൻപ് 18 കോടി രൂപ മുതൽ മുടക്കി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിച്ച റോഡാണിത്.
കോന്നി, അട്ടച്ചാക്കൽ, മലയാലപ്പുഴ, വടശേരിക്കര എന്നീ ഭാഗങ്ങളിൽ നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹങ്ങൾ വളവിലെത്തുമ്പോൾ മാത്രമാണ് മണൽ കൂടി കിടക്കുന്നത് കാണുന്നത്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്നതായും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.