തൃശൂര്‍ : ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരായ കൈക്കൂലി കേസിൽ പരാതിക്കാരൻ ദേവേന്ദ്രനെതിരെ വധഭീഷണി. വടശ്ശേരി പ്രതാപൻ എന്നയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ജീവന് സംരക്ഷണം വേണമെന്ന് പരാതിയിൽ ദേവേന്ദ്രൻ ആവശ്യപ്പെടുന്നു. എംഎൽഎയുടെ ആവശ്യപ്രകാരമാണ് തട്ടിക്കളയാൻ പദ്ധതിയിട്ടതൊന്നും പ്രതാപൻ പറഞ്ഞുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോൾ വന്ന, ഫോൺ നമ്പർ സഹിതം ദേവേന്ദ്രൻ പൊലീസിന് പരാതി നൽകി. പ്രതാപന്‍റെ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിക്കണമെന്നും ആവശ്യം. സനീഷ് കുമാറിനെതിരെ കേസെടുക്കാൻ തൃശൂര്‍ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കോടതി നടപടി. പട്ടയം ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. താണിക്കുടം സ്വദേശി ദേവേന്ദ്രനാണ് പരാതിക്കാരൻ. കെപിസിസി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിനെതിരെയും ആറ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.































