മുംബൈ: മതേതര ഐക്യവും കേരളത്തിന്റെ മാനവികതയും വിളിച്ചോതുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത സംഗീതജ്ഞന്‍ എആര്‍ റഹ്മാനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ഇതാ മറ്റൊരു കേരള സ്റ്റോറി’ എന്ന ക്യാപ്ഷനില്‍ ‘കൊമ്രൈഡ് ഫ്രം കേരള’ എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ചേരാവള്ളൂര്‍ കല്യാണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്‍ത്തയുടെ വീഡിയോ റിപ്പോര്‍ട്ടാണ് എ.ആര്‍ റഹ്മാന്‍ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്. കേരള സ്റ്റോറി എന്ന സിനിമയിലൂടെ മതേതരത്വത്തെ എതിര്‍ത്ത് സംഘപരിവാര്‍ പ്രചാരണം നടത്തുന്നതിനിടെയാണ് റഹ്മാന്റെ തുറന്ന പ്രതികരണം. എന്നാല്‍ ഇതിന് പിന്നാലെ റഹ്മാനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രചാരണം നടത്തുന്നുണ്ട്.
റഹ്മാന്‍ ജിഹാദിയാണെന്നും കേരള സ്റ്റോറി എന്ന സിനിമയും റഹ്മാന്റെ ജീവിതവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സംഘപരിവാര്‍ ആരോപിക്കുന്നു. കൂടാതെ കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തി ഐ.എസിലേക്ക് പോയെന്ന പേരില്‍ വ്യാജ കണക്കുകളും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ആര്‍എസ്എസ് പ്രചരണ ചിത്രം ദ കേരള സ്റ്റോറി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് റഹ്മാന്റെ പ്രതികരണം.