ഹൊബാർട്ട് : കിരീടം നേടി ടെന്നീസ് കോർട്ടിലേക്ക് ഇന്ത്യയുടെ സാനിയ മിർസയുടെ ഗംഭീര തിരിച്ച് വരവ്. ഹോബർട്ട് ഇൻറർനാഷണൽ ടൂർണമെന്റിന്റെ ഡബിൾസ് ഫൈനലിൽ സാനിയ മിർസ-നദിയ കിച്നോക്ക് സഖ്യം കിരീടം നേടി. 6-4, 6-4 എന്ന സ്കോറിനാണ് സാനിയയും ഉക്രൈൻ താരവും തമ്മിലുള്ള സഖ്യം കിരീടം നേടിയത്.
ചൈനയുടെ രണ്ടാം സീഡ് താരങ്ങളായ ഷുവായ് പെങ്-ഷുവായ് സാങ് ജോഡിയെയാണ് കലാശക്കളിയിൽ സാനിയ സഖ്യം തകർത്ത് വിട്ടത്. സെമിയിൽ സ്ലൊവീനിയൻ-ചെക്ക് ജോഡിയായ ടമാര സിദാൻസെകിനെയും മരിയ ബൗസ്കോവയെയും നേരിട്ടുള്ള െസറ്റുകൾക്ക് തോൽപിച്ചായിരുന്നു സാനിയ-കിച്നോക്ക് സഖ്യത്തിൻെറ മുന്നേറ്റം. അമ്മയായതിന് ശേഷം ടെന്നീസ് കോർട്ടിൽ നിന്ന് സാനിയ മിർസ വിട്ടു നിൽക്കുകയായിരുന്നു. 2017ലാണ് അവർ അവസാന മൽസരം കളിച്ചത്.