ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ ഇസ്ലാം മതം സ്വീകരിച്ച് താരം ബെംഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ് പാഷയെ വിവാഹം കഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വിവാഹം കഴിക്കുന്നതിനായിട്ടായിരുന്നു താരത്തിന്റെ മതംമാറ്റം. തുടര്‍ന്ന് താരം മാഹിറ എന്ന പേരും സ്വീകരിച്ചു. താരം മതം മാറിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിവാഹ വാര്‍ത്തയോട് സഞ്ജനയുടെ കുടുംബം പ്രതികരിച്ചിട്ടില്ല. മലയാള സിനിമയിലൂടെ ശ്രദ്ധേയയായ നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. മയക്കു മരുന്ന് കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സഞ്ജന അറസ്റ്റിലാവുന്നത്.
നിലവില്‍ ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് താരം. സഞ്ജനയുടെയും ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി 30 വരെ നീട്ടി. രക്തസമ്മര്‍ദത്തില്‍ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന 250 പേര്‍ തനിക്കായി തെരുവിലിറങ്ങുമെന്നും നടി വെല്ലുവിളിച്ചു.