പത്തനംതിട്ട : അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വേണ്ടി സന്നിധാനം ആശുപത്രി സദാ സജ്ജം. ഭക്തരുടെ തിരക്ക് ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്തെത്തുന്ന സ്വാമിമാര്‍ക്ക് ആരോഗ്യ സംബന്ധമായ സേവനങ്ങള്‍ ഉറപ്പുവരുത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍.
ജീവിതശൈലി രോഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ളവരും ജിവിതശൈലി രോഗമുള്ളവരും തീര്‍ത്ഥാടന യാത്രയില്‍ കൃത്യമായി മരുന്ന് കഴിക്കണെന്നും കഴിക്കുന്ന മരുന്നിന്റെ കുറിപ്പടി കയ്യില്‍ കരുതണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ്, ഫിസിഷന്‍, സര്‍ജന്‍ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ആംബുലന്‍സ് മാര്‍ഗ്ഗം പമ്പ ആശുപത്രിയിലേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ അവിടെ നിന്നും പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലേക്കും കോന്നി മെഡിക്കല്‍ കോളേജിലേക്കും എത്തിക്കാനുള്ള സൗകര്യവുമുണ്ട്. എമര്‍ജന്‍സി സര്‍വ്വീസിനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സും ചരല്‍മേടിന്‍ ഫോറസ്റ്റിന്റെ ആംബുലന്‍സും പ്രവര്‍ത്തിക്കുന്നുണ്ട് ഇതിനു പുറമെ പുതുതായി ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് കൂടി പ്രവര്‍ത്തനമാരംഭിക്കും. ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും പമ്പയിലും സഞ്ചാര പാതയിലും സന്നിധാനത്തും ആരോഗ്യവകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.