കാലടി : ശങ്കര ജയന്തിയോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാടക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ (എംപ്റ്റി സ്പേസ്) മൂന്നാം ദിനം അരങ്ങേറിയ ‘ജണ്ട’ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. നാല്പതോളം കലാകാരന്മാരെ അണിനിരത്തി അരങ്ങേറിയ നാടകം സംവിധാനം ചെയ്തത് സർവ്വകലാശാലയിലെ നാടക വിദ്യാർത്ഥി രജിത് വി ചന്തുവാണ്.
തിരുവനന്തപുരം ജില്ലയിലെ പുലയനാർ കോട്ട എന്ന സ്ഥലം അവസാനത്തെ കീഴാള രാജാവായ കാളിപ്പുലയൻ ഭരിച്ചിരുന്ന ഇടമാണ്. ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടിയവരുടെ വംശത്തിൽപ്പെട്ടവരാണ് കാളിപ്പുലയനും സഹോദരി കോതറാണിയും. അക്കാദമിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു രാജാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ വംശത്തെക്കുറിച്ചും ഓർമ്മിപ്പിക്കുകയാണ് ‘ജണ്ട’ എന്ന നാടകം, പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ നേരെഴുത്തിന്റെ ദൃശ്യാവിഷ്ക്കാരമെന്ന നിലയിൽ ഏറെ മികവ് പുലർത്തി.