തിരുവല്ല : സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 816 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 27,45,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സാന്ത്വാന സ്പര്‍ശത്തിന്റെ ഭാഗമായി തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവല്ല താലൂക്കില്‍ നിന്ന് 695 പരാതികളും മല്ലപ്പള്ളി താലൂക്കില്‍ നിന്ന് 121 പരാതികളുമാണു ലഭിച്ചത്. അദാലത്ത് ദിനത്തില്‍ തിരുവല്ലയില്‍ നിന്നും 257 പുതിയ പരാതികളും മല്ലപ്പള്ളിയില്‍ നിന്ന് 77 പരാതികളുമാണു ലഭിച്ചത്. തിരുവല്ല താലൂക്കിലെ 13 പട്ടയങ്ങളും, മല്ലപ്പള്ളി താലൂക്കിലെ 8 പട്ടയങ്ങളും, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി 99 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. തിരുവല്ല താലൂക്കില്‍ 170 പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളും മല്ലപ്പള്ളിയില്‍ നിന്ന് 197 അപേക്ഷകളും പുതിയതായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
ജീവിതത്തിന്റെ നാനാ മേഖലയിലും ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദാലത്തിലൂടെ കഴിഞ്ഞു. ജപ്തി നടപടി നേരിടുന്നവര്‍, പട്ടയം ലഭിക്കാത്തവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍, കുടിവെള്ള പ്രശ്‌നം തുടങ്ങി വിവിധങ്ങളായ പരാതികള്‍ക്ക് പരിഹാരം കാണാനായി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്. മന്ത്രി എ.സി മൊയ്തീനെ കൂടാതെ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രനും അദാലത്തിന് നേതൃത്വം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നുദിവസങ്ങളിലായി ജില്ലയില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, അടൂര്‍ ആര്‍.ഡി.ഒ എസ്. ഹരികുമാര്‍, തിരുവല്ല ആര്‍ഡിഒ പി.സുരേഷ്, ഡി.ഡി.പി എസ്.ശ്രീകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.