ന്യൂയോർക്ക്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യ തലവനും നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ മുൻ ഭാരവാഹിയുമായ സാഖിബ് അബ്ദുൽ നച്ചൻ (57) മരിച്ചു. മസ്തിഷ്ക രക്തസ്രാവമാണ് ഇയാളുടെ മരണ കാരണം. ഡൽഹിയിലെ സഫ്ദർ ജങ് ആശുപത്രിയിലാണ് മരിച്ചത്. 2023ൽ ദേശീയ അന്വേഷണ ഏജൻസി ഇയാളെ പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത അന്ന് മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്നു ചൊവ്വാഴ്ചയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മസ്തിഷക രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ താനയിൽ ജനിച്ച സാഖിബ് 90കളുടെ അവസാനമാണ് സിമിയുടെ ഉന്നത നേതൃത്വത്തിലെത്തിയത്. 2001ൽ ദേശവിരുദ്ധ പ്രവർത്തനങ്ങളെത്തുടർന്നു സിമി നിരോധിക്കപ്പെട്ടു.
2002, 03 വർഷങ്ങളിൽ അരങ്ങേറിയ മുംബൈ സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സാഖിബിന്റെ പേര് ദേശീയ ശ്രദ്ധയിൽ വന്നത്. 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങളാണ് അരങ്ങേറിയത്. ഈ ആക്രമണങ്ങളിൽ ഇയാൾക്കു പങ്കുണ്ടെന്നു പിന്നീട് തെളിഞ്ഞു.സ്ഫോടനത്തിൽ പങ്ക് തെളിഞ്ഞതോടെ നിയമവിരുദ്ധമായി എകെ 56 തോക്കുകൾ കൈവശം വച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഭീകരവിരുദ്ധ കോടതി ഇയാളെ 10 വർഷം തടവിനു ശിക്ഷിച്ചു. നല്ലനടപ്പിന് 5 മാസം ശിക്ഷാ ഇളവ് ലഭിച്ചതോടെ 2017ൽ ശിക്ഷ പൂർത്തിയാക്കി. എന്നാൽ ഡൽഹി, പഡ്ഗ എന്നിവിടങ്ങളിൽ നിന്നു യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് 2023ൽ സാഖിബിനെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്തു.