പത്തനംതിട്ട : കൂടുതൽ സൗകര്യങ്ങളുമായി തീർത്ഥാടകരെ സ്വീകരിക്കാൻ നഗരസഭാ ഇടത്താവളം പൂർണ്ണ സജ്ജമായി പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ സെൻ്റർ, സൗജന്യ വൈഫൈ, പ്രത്യേക പാർക്കിംഗ് ക്രമീകരണങ്ങൾ, വിപുലമായ ഭക്ഷണശാല, ആയുർവേദ പരിചരണസൗകര്യങ്ങൾ തുടങ്ങി മുൻ വർഷത്തേക്കാൾ മികച്ച സൗകര്യങ്ങളോടെയാണ് ഈ മണ്ഡലകാലത്ത് തീർത്ഥാടകർക്കായി ഇടത്താവളം ഒരുക്കിയിരിക്കുന്നത്. വർഷം മുഴുവൻ പ്രവർത്തിക്കുന്ന സ്ഥിരം സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തിൽ ഭരണസമിതി മുന്നോട്ടു പോവുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
വാർഡ് കൗൺസിലർ എസ്.ഷൈലജ അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എസ്.നന്ദകുമാർ, മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറി അലക്സ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ അഡ്വ. എസുരേഷ് കുമാർ, ആർ സാബു, റോഷൻ നായർ, നീനു മോഹൻ, ഷീല എസ്, അയ്യപ്പ സേവാസമാജം പ്രതിനിധി അഡ്വ. ജയൻ ചാരുവേലിൽ തുടങ്ങിയവർ പങ്കെടുത്തു.
ഭക്തർക്ക് സന്നിധാനത്തെ ബുക്കിംഗ് വിവരങ്ങൾ അറിയാനും സൗകര്യമുള്ള ഇൻഫർമേഷൻ സെൻ്ററാണ് ഇത്തവണ പ്രവർത്തനമാരംഭിക്കുന്നത്. ജീവനക്കാർക്കും തീർത്ഥാടകർക്കും ഉപയോഗിക്കാവുന്ന തരത്തിൽ സൗജന്യ വൈഫൈ കണക്ഷൻ നൽകി. വാഹന പാർക്കിങ്ങിന് പ്രത്യേക പാർക്കിംഗ് ലോട്ടുകൾ ക്രമീകരിച്ചു. ആദ്യം വന്ന വാഹനങ്ങൾക്ക് ആദ്യം പോകാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. അന്നദാന കൗണ്ടറും പോലീസ് എയ്ഡ് പോസ്റ്റും ഇടത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. മറ്റു സേവനങ്ങൾ ഇന്ന് രാവിലെ മുതൽ ലഭ്യമാകും. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും വിരി വെയ്ക്കുന്നതിനും ഡോർമിറ്ററികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ എന്നിവ മുൻ വർഷങ്ങളിൽ താഴെ വെട്ടിപ്രത്തുള്ള ഇടത്താവളത്തിൽ ഒരുക്കിയിരുന്നു. പോലീസ് എയ്ഡ് പോസ്റ്റ്, ആയുർവേദ – അലോപ്പതി ചികിത്സാ കേന്ദ്രങ്ങൾ, ചെറുസംഘങ്ങളായി എത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര എന്നിവയുമുണ്ട്.