പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുന്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍. വര്‍ഗീയ വാദികളോട് വോട്ട് വേണ്ടെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം മേനി നടിക്കാന്‍ മാത്രമുള്ളതാണെന്ന് പി സരിന്‍ പറഞ്ഞു. ബിജെപി ജയിച്ച് കയറാന്‍ സാധ്യതയുള്ള പാര്‍ട്ടിയാണെന്ന് പ്രചരണം നടത്തുന്നത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ഗീയവാദത്തോട് കോംപ്രമൈസ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു സരിന്‍.
ബിജെപി ജയിച്ച് കയറാന്‍ സാധ്യതയുള്ള പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസാണ് ഏറ്റവും വലിയ പ്രചരണം നടത്തിയത്. പാര്‍ട്ടിക്കകത്ത് വര്‍ഗീയവാദത്തോട് കോപ്രമൈസ് ചെയ്യേണ്ട രാഷ്ട്രീയ ലൈന്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പറയുകയാണ് വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്ന്. അദ്ദേഹം മേനി നടിക്കാന്‍ വേണ്ടി പറയുന്നതാണിത്. കാലാകാലങ്ങളായി ഇടതുപക്ഷം പറയുന്നതും പ്രവര്‍ത്തിക്കുന്നതും വര്‍ഗീയ വാദികളുമായി കൂട്ടില്ലെന്നാണ്. തെളിയിച്ചു കൊണ്ടിരിക്കുന്നതും അതാണ് സരിന്‍ പറഞ്ഞു. തനിക്ക് ജനങ്ങളുടെ കയ്യടി ലഭിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നതെന്നും നെഞ്ചത്ത് കൈ വെച്ച് ബോധ്യത്തോടെ പറയുന്നതാണെന്നും സരിന്‍ പറഞ്ഞു.
ഒരു വര്‍ഗീയവാദിയുടെയും വോട്ടില്ലാതെ ജയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് അത് അടിവരയിട്ട് പറയാന്‍ പറ്റുന്ന അവസരമാണിതെന്നും സരിന്‍ വ്യക്തമാക്കി. വര്‍ഗീയ വാദികളുടെ വോട്ട് കൊണ്ടല്ല പാലക്കാട് ജനവിധിയില്‍ ഒന്നാമത് എത്തണമെന്ന വ്യക്തത തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ രാജ്യത്തിന്റെ പൊതുസ്വത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം. അതിലൊരു മാറ്റവുമില്ല. പക്ഷേ കോണ്‍ഗ്രസിനെ സ്വന്തം തറവാട് സ്വത്തായി കാണുന്നയാളുകളുണ്ട്. അത് നിര്‍ത്തണം. ചോദ്യങ്ങള്‍ ചോദിക്കണമെന്നാണ് എനിക്ക് കോണ്‍ഗ്രസുകാരോട് പറയാനുള്ളത്. നേതാക്കന്മാരെ നിലക്ക് നിര്‍ത്തണം. പ്രസ്ഥാനമാണ് വലുതെന്ന് അവരുടെ മുഖത്ത് നോക്കി പറയണം സരിന്‍ വ്യക്തമാക്കി.