കൊച്ചി : കോണ്‍സല്‍ ജനറലിനെ പ്രതിക്കൂട്ടിലാക്കി സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്തിന്റെ മൊഴി. സ്വര്‍ണക്കടത്തിന്റെ പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും യു.എ.ഇ. കോണ്‍സല്‍ ജനറലെന്ന് സരിത്ത് ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. 2017-18 കാലയളവില്‍ നയതന്ത്ര ബാഗേജിലൂടെ കേരളത്തിലേക്ക് സ്വര്‍ണം കടത്തി. പിടിക്കപ്പെട്ടാല്‍ സംരക്ഷിക്കാമെന്ന കോണ്‍സല്‍ ജനറലിന്റെ ഉറപ്പ് വിശ്വസിച്ചാണ് പേര് പറയാതിരുന്നതെന്നും സരിത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് സരിത്തിന്റെ മൊഴി. കോണ്‍സല്‍ ജനറലും അക്കൗണ്ടന്റ് ഖാലിദുമാണ് കേരളത്തിലേക്ക് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയതിന്റെ സൂത്രധാരന്‍ എന്ന മൊഴിക്ക് പിന്നാലെ 2017-18 കാലയളവില്‍ ഇത്തരത്തില്‍ വ്യാപകമായി ഇരുവരും സ്വര്‍ണക്കടത്ത് നടത്തിയതായി മൊഴിയില്‍ വ്യക്തമാക്കുന്നു.
നേരത്തേ വിയറ്റ്‌നാമില്‍ ഇരുവരും ഒരുമിച്ച് കോണ്‍സുലേറ്റ് ജോലിയില്‍ നിന്നപ്പോഴും സമാനമായി പുകയിലയും മഞ്ഞലോഹവും കടത്തിയിരുന്നതായി അക്കൗണ്ടന്റ് ഖാലിദ് പറഞ്ഞിരുന്നുവെന്നും കൂടുതല്‍ വരുമാനം ലഭിക്കാന്‍ കേരളത്തില്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു.
യുഎഇ സ്വദേശിനിയായ സ്ത്രീ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കോണ്‍സല്‍ ജനറല്‍ സ്വര്‍ണമെത്തിച്ചിരുന്നതായും ഇവരുമായി സഹകരിച്ചാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നുമാണ് ഇഡിക്ക് നല്‍കിയ മൊഴി. ഏതെങ്കിലും വിധത്തില്‍ പിടിക്കപ്പെട്ടാല്‍ യുഎഇയിലും മറ്റും താമസവും ജോലിയും നല്‍കി സംരക്ഷിക്കാമെന്ന് പറഞ്ഞിരുന്നതുകൊണ്ടാണ് നേരത്തേ ഇരുവരുടെയും പേര് പറയാതിരുന്നതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.